വാട്‌സ്ആപ്പ് തലവന്‍ ജാന്‍ കോം രാജിവെച്ചു. മറ്റ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്ന് ജാന്‍ കോം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ടെക്‌നോളജിക്ക് പുറത്ത് എന്തെങ്കിലുമൊക്കെ ചെയ്യണം. ആസ്വദിക്കാന്‍ ഒരു മാറ്റം ആവശ്യമാണെന്നായിരുന്നു കോം ഫേസ്ബുക്കില്‍ കുറിച്ചത്.
വാട്‌സ്ആപ്പ് സ്ഥാപക നേതാക്കളിലൊരാളായ ജാന്‍ സമീപകാലത്ത് മാതൃ കമ്പനിയായ ഫേസ്ബുക്ക് നേതൃത്വവുമായി തെറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കുമായുണ്ടായ ആശയ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് യൂസര്‍മാരുടെ വിവരങ്ങളുടെ സുരക്ഷാ പ്രശ്‌നങ്ങളും എന്‍ക്രിപ്ഷനിലെ വീഴ്ചയും കാരണം കോം ഫേസ്ബുക്ക് നേതൃത്വവുമായി ഇടഞ്ഞു എന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫേസ്ബുക്കുമായുള്ള കോമിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്ന സമയത്തായിരുന്നു രാജി സ്ഥിരീകരിച്ചു കൊണ്ടുള്ള കോമിന്റെ പോസ്റ്റ്. കോമിന്റെ സ്റ്റാറ്റസിന് താഴെ ഫേസ്ബുക്ക് സി.ഇ.ഓ മാര്‍ക്ക് സുക്കര്‍ബര്‍ഗ് കോമിയെ യാത്രയാക്കുകയും ചെയ്തു. താങ്കളുടെ കൂടെ ജോലി ചെയ്യുന്നത് മിസ്സ് ചെയ്യും. എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചതിനും ലോകവുമായി ബന്ധപ്പെടാന്‍ താങ്കള്‍ ചെയ്ത എല്ലാ കാര്യങ്ങളിലും ഞാന്‍ അഭിമാനം കൊള്ളുന്നുവെന്നും സുക്കര്‍ബര്‍ഗ് കമന്റ് ചെയ്തു.