വാട്‌സാപ്പ് ഇന്ത്യാ മേധാവിയും മെറ്റ ഇന്ത്യ പബ്ലിക് പോളിസി തലവനും രാജിവെച്ചു

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃകമ്പനിയായ മെറ്റയില്‍ വീണ്ടും രാജി. മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി തലവന്‍ രാജീവ് അഗര്‍വാള്‍, വാട്‌സാപ്പ് ഇന്ത്യയുടെ തലവന്‍ അഭിജിത് ബോസ് എന്നിവരാണ് ചൊവ്വാഴ്ച രാജി സമര്‍പ്പിച്ചത്. മെറ്റയുടെ തലവന്‍ അജിത് മോഹന്‍ രണ്ടാഴ്ച മുമ്പ് രാജിവെച്ചിരുന്നു.

അതേസമയം, മറ്റൊരു ജോലി ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് രാജീവ് അഗര്‍വാള്‍ കമ്പനിയില്‍ നിന്ന് രാജിവെച്ചതെന്ന് മെറ്റ പ്രസ്താവനയിലൂടെ അറിയിച്ചു. രാജീവിന് കമ്പനി ആശംസയും നേര്‍ന്നിട്ടുണ്ട്. വാട്‌സാപ്പിന്റെ ഇന്ത്യയിലെ ആദ്യ മേധാവിയായിരുന്നു അഭിജിത് ബോസ്. അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് വാട്‌സാപ്പ് തലവന്‍ വില്‍ കാത്ത്കാര്‍ട്ട് നന്ദി അറിയിയിച്ചു.

ഇന്ത്യയിലെ മെറ്റ പബ്ലിക് പോളിസിയുടെ പുതിയ ഡയറക്ടറായി ശിവ്‌നാഥ് തുക്രാലിനെ കമ്പനി നിയമിച്ചിട്ടുണ്ട്. 2017 മുതല്‍ കമ്പനിയുടെ പബ്ലിക്ക് പോളിസി ടീമിലെ അഭിവാജ്യ ഘടകമാണ് ശിവ്‌നാഥ്.

കഴിഞ്ഞ കുറച്ചുനാളുകളായി മെറ്റ കടുത്ത പ്രതിസന്ധിയിലാണ്. ഈയടുത്ത് മെറ്റ കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വരുമാനത്തിലെ ഇടിവും ഡിജിറ്റല്‍ വ്യവസായമേഖലയില്‍ വര്‍ധിച്ചുവരുന്ന വെല്ലുവിളികളുമാണ് തീരുമാനത്തിനു കാരണമെന്ന് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

ജീവനക്കാരെ പിരിച്ചുവിടാന്‍ മെറ്റ തീരുമാനിച്ചതിന് പിന്നാലെയാണ് കമ്പനിയിലെ കൂട്ടരാജി എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ മേധാവികളുടെ രാജിയും ഈയടുത്ത് നടന്ന പിരിച്ചുവിടലുകളുമായി യാതൊരു ബന്ധവുമില്ലെന്നാണ് മെറ്റ വ്യക്തമാക്കുന്നത്.

Top