വാട്ട്സ്ആപ്പ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. വ്യക്തിഗത സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ കൈമാറുന്നതിന് പുറമെ, ഓഫീസുകളിലെ ഔദ്യോഗിക ഇന്‍ഫര്‍മേഷന്‍ എക്സ്ചേഞ്ചുകള്‍, ഗ്രൂപ്പ് വീഡിയോ കോളുകള്‍, പണമിടപാടുകള്‍ എന്നിവയ്ക്കും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു.
വാട്ട്സ്ആപ്പ് അക്കൗണ്ടുകളുടെ സുരക്ഷ വളരെ പ്രധാനമാണ്. അതിനാല്‍ ‘ലോഗിന്‍ അപ്രൂവല്‍’ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ് ഡെവലപ്പര്‍മാര്‍.
നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഈ ഫീച്ചര്‍ ബീറ്റാ ഉപയോക്താക്കള്‍ക്ക് പോലും ലഭ്യമല്ല. നിങ്ങളുടെ വാട്ട്സ്ആപ്പ് നമ്പര്‍ ഉപയോഗിച്ച് മറ്റാരെങ്കിലും ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍, വാട്ട്സ്ആപ്പില്‍ നിങ്ങള്‍ക്ക് ഒരു അറിയിപ്പ് ലഭിക്കുമെന്ന് വാബീറ്റാ ഇന്‍ഫോ വെബ്സൈറ്റിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഫെയ്സ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും സമാനമായ ഫീച്ചര്‍ ഉണ്ട്. നിങ്ങള്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച സമയം, ഏത് ഉപകരണത്തിലാണ് നിങ്ങള്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചത് എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇതില്‍ ലഭിക്കുക.