പുതിയ മാറ്റത്തിനൊരുങ്ങി വാട്‌സ്ആപ്പ്

നിരന്തരം പുതിയ ഫീച്ചര്‍ അപ്‌ഡേറ്റുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വലിയൊരു അപ്‌ഡേറ്റിന് ഒരുങ്ങുകയാണ് ഇപ്പോള്‍ വാട്‌സ്ആപ്പ് . ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന ഡിലീറ്റ് ഫോര്‍ എവരി വണ്‍ ഫീച്ചറിന്റെ സമയ പരിധി വര്‍ധിപ്പിച്ചുകൊണ്ടാണ് പുതിയ അപ്‌ഡേറ്റ്.

നിലവില്‍ വാട്‌സ്ആപ്പില്‍ ഒരു സന്ദേശം അയച്ചുകഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് നേരത്തിനുള്ളില്‍ മാത്രമേ അവ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ഈ സമയ പരിധി രണ്ട് ദിവസവും 12 മണിക്കൂറുമായി വര്‍ധിപ്പിക്കാനാണ് വാട്‌സ്ആപ്പ് ഒരുങ്ങുന്നത്.

ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ചിരുന്ന ഫീച്ചറായിരുന്നു ഡിലീറ്റ് ഫോര്‍ എവരിവണ്‍. സന്ദേശങ്ങള്‍ മാറി അയച്ചും തെറ്റായി അയച്ചും ഉപഭോക്താക്കള്‍ കുഴപ്പത്തിലായ സാഹചര്യത്തിലാണ് വാട്‌സാപ്പ് 2018 ല്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. തുടക്കത്തില്‍ സന്ദേശം നീക്കം ചെയ്യാന്‍ ഏഴ് മിനിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഇത് പിന്നീട് ഒരു മണിക്കൂര്‍ 8 മിനിറ്റ് 16 സെക്കന്‍ഡായി വര്‍ധിപ്പിക്കുകയായിരുന്നു.

വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഐഒഎസ് ബീറ്റാ ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിന് രണ്ട് ദിവസം 12 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ട്.

വാട്‌സാപ്പിന്റെ മുഖ്യ എതിരാളിയായ ടെലഗ്രാമില്‍ അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ യാതൊരു വിധ സമയ പരിധിയും നിശ്ചയിച്ചിട്ടില്ല. സന്ദേശങ്ങള്‍ മാത്രമല്ല രണ്ട് പേരുടേയും ഫോണുകളില്‍ നിന്ന് ചാറ്റ് നീക്കം ചെയ്യാനും ടെലഗ്രാം സൗകര്യം ഒരുക്കിയിട്ടുണ്ട്.

അടുത്തിടെ വന്ന അപ്‌ഡേറ്റില്‍ സന്ദേശങ്ങള്‍ക്കുള്ള റിയാക്ഷനുകളായി ഏത് ഇമോജിയും ഉപയോഗിക്കാന്‍ വാട്‌സാപ്പ് അനുവദിക്കുന്നുണ്ട്.

 

Top