ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ ഫോര്‍ഡ് മെസേജുകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഈ കോവിഡ് കാലത്ത് ഗുണകരമായെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണം ഏര്‍പ്പെടുത്തിയ വെറും 15 ദിവസത്തിനുള്ളില്‍ വാട്‌സാപ് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതില്‍ 70 ശതമാനമാണ് കുറവുണ്ടായിട്ടുള്ളത്.
വ്യാജവാര്‍ത്തകള്‍ തടയുന്നതിനായി ഈ മാസം ആദ്യമാണ് വാട്‌സാപ് ഫോര്‍വേഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒരേ സമയം ഒന്നിലധികം ആളുകള്‍ക്ക് സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്ന് ഉപയോക്താക്കളെ ഇത് തടഞ്ഞു. നേരത്തെ അഞ്ച് കോണ്‍ടാക്റ്റുകളിലേക്ക് സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇതാണ് പിന്നീട് ഒന്നായി ചുരുങ്ങിയത്.ഈ നീക്കം ഇതിനകം തന്നെ സ്വാധീനം ചെലുത്താന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വാട്സാപ് അധികൃതര്‍ പറയുന്നത്.
വാട്‌സാപ്പ് കോണ്‍ടാക്റ്റിലുള്ള എല്ലാവര്‍ക്കും ഗുഡ് മോര്‍ണിംഗ്, ഗുഡ് നൈറ്റ് സന്ദേശങ്ങള്‍ കൈമാറാന്‍ ഇഷ്ടപ്പെടുന്നവരെ ഇത് അസ്വസ്ഥരാക്കുമെങ്കിലും ദോഷത്തെക്കാള്‍ കൂടുതല്‍ നല്ലത് ചെയ്യാന്‍ ഈ നിയന്ത്രണത്തിനു കഴിഞ്ഞു.
ഈ നിയന്ത്രണം ‘വൈറല്‍ മെസേജ് ഫോര്‍വേര്‍ഡുകള്‍’ വ്യാപിപ്പിക്കുന്നതില്‍ 70 ശതമാനം കുറവുണ്ടായതായാണ് വാട്സാപ്പ് വ്യക്തമാക്കുന്നത്.
കോവിഡ് വ്യാജ വാര്‍ത്തകള്‍ ഇല്ലാതാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് കഴിഞ്ഞ മാസം ഐടി മന്ത്രാലയം സോഷ്യല്‍ മീഡിയ ബ്രാന്‍ഡുകളായ ഫെയ്‌സ്ബുക്, ബൈറ്റ്ഡാന്‍സ്, ട്വിറ്റര്‍, ഷെയര്‍ചാറ്റ് എന്നിവയ്ക്ക് ഉപദേശം നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ വാട്‌സാപ്പ് ഷെയറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.