കാലിഫോര്‍ണിയ: വാട്‌സ്ആപ്പുകളില്‍ ഏറെ പ്രചാരമുള്ള ഒന്നാണ് ഇമോജികളും സ്റ്റിക്കറുകളും. ആളുകള്‍ തമ്മിലുള്ള ചാറ്റിങ്ങില്‍ ഇവയ്ക്ക് വളരെയധികം തന്നെ പ്രാധാന്യമുണ്ട്. വാക്കുകള്‍കൊണ്ട് പറയാതെ ചില ആശയങ്ങളും പ്രതികരണങ്ങളും ഭാവങ്ങളും സ്റ്റിക്കറുകളിലൂടെ അവതരിപ്പിക്കാന്‍ കഴിയുന്നത് ചാറ്റിങ്ങ് ഏറെ എളുപ്പമാക്കിയിരിക്കുകയാണ്.
ഈ ജനപ്രീതി മുതലെടുത്ത് ലോക ആരോഗ്യ സംഘടനയുമായി സഹകരിച്ച് വാട്‌സ്ആപ്പ് ക്വാറന്റൈന്‍ സ്റ്റിക്കറുകള്‍ പുറത്തിറക്കിയിരിക്കുകയാണ്. വീട്ടില്‍ ഒരുമിച്ച് എന്നര്‍ഥം വരുന്ന ‘Together at Home’ സ്റ്റിക്കര്‍ പാക്കുകളാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കുഞ്ഞു കാര്‍ട്ടൂണ്‍ സ്റ്റിക്കറുകളായി അവതരിപ്പിച്ചിരിക്കുന്ന വാട്‌സ്ആപ്പ് അതുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളും തരുന്നുണ്ട്. ലോകത്തിലെ നിലവിലെ സാഹചര്യത്തില്‍ ഈ സ്റ്റിക്കറുകള്‍ക്ക് വളരെയെറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഐസൊലേഷനില്‍ കഴിയുന്ന പ്രിയപ്പെട്ടവരുടെ സുഖ വിവരം അന്വേഷിക്കാനും ആളുകളെ കൈ കഴുകല്‍, സാമൂഹിക അകലം പാലിക്കല്‍, വ്യായാമം ചെയ്യല്‍ പോലുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിക്കാനും ഓരോരുത്തര്‍ക്കും സ്റ്റിക്കറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.