തിരുവനന്തപുരം: റേഡിയോ ജോക്കി കിളിമാനൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷിജിന ഷിഹാബ് സാമ്പത്തികമായും വിവരങ്ങള്‍ കൈമാറിയും പ്രതികളെ സഹായിച്ചതായി പൊലീസിന് തെളിവ് ലഭിച്ചു.
കേസിലെ പ്രധാന പ്രതിയും ഖത്തര്‍ വ്യവസായിയുമായ അബ്ദുള്‍ സത്താറിന്റെ ബന്ധുവിന്റെ ഭാര്യയായ വര്‍ക്കല അയിരൂര്‍ കിഴക്കേപുറം സ്വദേശിയായ ഷിജിന ഷിഹാബിന്റെ (34) മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തിയ വാട്ട്‌സ് ആപ്പ് സന്ദേശങ്ങളില്‍ നിന്നാണ് പൊലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്. കൃത്യത്തിന് ശേഷം ഇവിടെ നിന്ന് ബംഗളൂരുവിലേക്ക് മടങ്ങിയ പ്രതികള്‍ക്ക് അവിടെ ഒളിവില്‍ കഴിയാനും സാലിഹിന് തിരികെ പോകാനുമായി ബാങ്ക് അക്കൗണ്ട് വഴി ഷിജിന പണം കൈമാറിയിരുന്നു. ഇതിനായി തൊട്ടും മുമ്പും പിമ്പും അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങളാണ് തെളിവ് ലഭിച്ചിരിക്കുന്നത്. ഖത്തറിലുള്ള സത്താറിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തിയതെന്ന് ഷിജിന ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു.
കൃത്യത്തിനുപയോഗിച്ച കാര്‍ ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ സഹായിച്ച കേസില്‍ ആദ്യം പൊലീസ് പിടിയിലായ നിഖില്‍ ശ്രീനാഥിന്റെ അക്കൗണ്ടിലേക്കാണ് കൃത്യം നടന്നതിന് അടുത്ത ദിവസം അരലക്ഷം രൂപ ഷിജിന കൈമാറിയത്. അപ്പുണ്ണിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് 70,000 രൂപയും കൈമാറിയിട്ടുണ്ട്. ഓണ്‍ലൈന്‍ മീഡിയകളില്‍ രാജേഷ് വധവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ അപ്പപ്പോള്‍ വാട്ട്‌സ് ആപ്പ് വഴി ഷിജിന പ്രതികളെ അറിയിച്ചിരുന്നതായും പൊലീസിന് തെളിവ് ലഭിച്ചു. സത്താറുമായി ഷിജിന നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും പൊലീസ് പറഞ്ഞു.
എറണാകുളം തേവരെയുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ എറണാകുളം കപ്പലണ്ടി മുക്ക് ദാറുല്‍ സലാം റോഡിന് സമീപത്താണ് വാടകയ്ക്ക് താമസിക്കുന്നത്. സത്താറിന്റെ അടുത്ത ബന്ധുവായ യുവാവിന്റെ ഭാര്യയാണ് ഷിജിന. ഖത്തറില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിനൊപ്പം സത്താറിന്റെ വീട്ടില്‍ പലപ്പോഴും എത്തിയിട്ടുള്ള ഷിജിനയും സത്താറുമായി ഇതിനിടെ അടുപ്പത്തിലാകുകയും ചെയ്തു.നൃത്താദ്ധ്യാപികയായ ഭാര്യയുമായി പിണങ്ങിയതോടെ ഷിജിനയും സത്താറുമായി കൂടുതല്‍ അടുത്തു. ഇത് ഷിജിനയുടെ ഭര്‍ത്താവുമായി അകലാനും ഇവര്‍ കൊച്ചിയിലേക്ക് താമസം മാറാനും കാരണമായി.
കേസില്‍ അറസ്റ്റിലായ നിഖിലിന്റെയും അപ്പുണ്ണിയുടേയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങളും സൈബര്‍ സഹായത്തോടെയുള്ള തെളിവുകളും ശേഖരിച്ചാണ് കിളിമാനൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷിജിനയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ ഷിജിനയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .
മാര്‍ച്ച് 27ന് പുലര്‍ച്ചെ രണ്ടിനാണ് റേഡിയോ ജോക്കി രാജേഷിനെ (35) മടവൂരില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഒന്നാം പ്രതിയൊഴികെ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖത്തറില്‍ കഴിയുന്ന ഒന്നാം പ്രതി സത്താറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്.