പുതിയ ഫീച്ചര്‍ പരീക്ഷിച്ച് വാട്സാപ്പ്; ഹൈഡെഫനിഷന്‍ ചിത്രങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാം

പുത്തന്‍ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്‌സാപ്പ്. ഇപ്പോഴിതാ മറ്റൊരു ഫീച്ചര്‍ ഒരുക്കുന്നതിനുള്ള ജോലികളിലാണ് ഈ ജനപ്രിയ മെസേജിങ് ആപ്ലിക്കേഷന്‍. ഹൈ ഡെഫനിഷന്‍ ചിത്രങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കുന്ന പുതിയ സൗകര്യമാണ് വാട്‌സാപ്പ് ഒരുക്കുന്നത്.

വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റാണ് ഇക്കാര്യം കണ്ടെത്തിയത് വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ എച്ച്ഡി ഫോട്ടോ ഓപ്ഷനും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാധാരണ നിലയില്‍ നമ്മള്‍ ഒരു ചിത്രം വാട്‌സാപ്പ് വഴി പങ്കുവെക്കുമ്പോള്‍ അത് ഓട്ടോമാറ്റിക് ആയി കംപ്രസ് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ പുതിയ ഫീച്ചര്‍ വഴി ചിത്രങ്ങള്‍ എച്ച്ഡി ഗുണമേന്മയില്‍ പങ്കുവെക്കാനാവും.

എന്നാല്‍ ചിത്രങ്ങള്‍ അതിന്റെ യഥാര്‍ത്ഥ റസലൂഷനില്‍ അയക്കാന്‍ സാധിക്കില്ല. പകരം ചെറിയ രീതിയില്‍ ചിത്രം കംപ്രസ് ചെയ്യപ്പെടും. ഇതിനായി പ്രത്യേകം എച്ച്ഡി ബട്ടന്‍ വാട്‌സാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഡിഫോള്‍ട്ട് ഓപ്ഷന്‍ എപ്പോഴും ‘സ്റ്റാന്റേര്‍ഡ് ഡെഫനിഷന്‍’ ആയിരിക്കും. എച്ച്ഡി ബട്ടണ്‍ ഓണ്‍ ആക്കിയാല്‍ കൂടുതല്‍ ഗുണമേന്മയുള്ള ചിത്രം അയക്കാനാവും. ഇങ്ങനെ ചിത്രങ്ങള്‍ അയക്കുമ്പോള്‍ അതിനൊപ്പം എച്ച്ഡി ലേബലും കാണാനാവും. ആന്‍ഡ്രോയിഡ് ബീറ്റ 2.23.12.13 ലും ഐഒഎസ് ബീറ്റ 23.11.0.76 ലുമാണ് പുതിയ സൗകര്യമുള്ളത്.

 

 

 

 

 

 

 

Top