ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് വാട്സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിനു നിലവിൽവരും. ഈ നയം അംഗീകരിക്കാത്തവർക്ക് അന്നു മുതൽ വാട്സാപ് ഉപയോഗിക്കാനാകില്ല.വാട്സാപ് വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക്, ഏതൊക്കെത്തരം വാട്സാപ് ഗ്രൂപ്പുകളിൽ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്സൈറ്റുകൾ വാട്സാപ് വഴി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ വാട്സാപ്പിന്റെ ഉടമകളായ ഫെയ്സ്ബുക്കുമായും ഇൻസ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റർനെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നാണ് പുതിയ നയത്തിൽ പറയുന്നത്. വാട്സാപ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നതിന്റെ അനുബന്ധ വിവരങ്ങളും കൈമാറ്റം ചെയ്യപ്പെടും.