വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ പുതിയ സേവനവുമായി വാട്‌സ് ആപ്പ്. ചെക്പോയിന്റ് ടിപ് ലൈന്‍ ആണ് വാട്‌സ്ആപ്പ് നല്‍കുന്ന പുതിയ സേവനം. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സന്ദേശത്തിന്റെ ആധികാര്യത തിരിച്ചറിയാന്‍ സാധിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വ്യാജ സന്ദേശങ്ങളുടെ പ്രചാരണം തടയുന്നതിനാണ് ഇത്തരം ഒരു സേവനം നടപ്പിലാക്കിയിരിക്കുന്നത്. പ്രോട്ടോ എന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ് കമ്പനിയുടെ സേവനമാണ് വാട്സ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്.
നമുക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ സത്യമാണോ എന്നറിയാന്‍ വാട്‌സ് ആപ്പ് നല്‍കുന്ന ഒരു പ്രത്യേക നമ്പറിലേയ്ക്ക് മെസേജ് ഫോര്‍വേഡ് ചെയ്താല്‍ മതി. ചെക്പോയിന്റ് ടിപ്ലൈനിന്റെ +91-9643-000-888 എന്ന നമ്പറിലേയ്ക്കാണ് മെസേജ് ഫോര്‍വേഡ് ചെയ്യേണ്ടത്. മേസേജ് ഫോര്‍വേഡ് ചെയ്ത് കഴിഞ്ഞാല്‍ നമുക്ക് ലഭിച്ച സന്ദേശം ശരിയാണോ അതോ വ്യാജമാണോ എന്നുളള വിവരം ലഭിക്കും .ചിലപ്പോള്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ലഭ്യമാകും.
ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോകള്‍, ലിങ്കുകള്‍ എല്ലാം ഇത്തരത്തില്‍ പരിശോധിക്കാനായി നല്‍കാം. ഇംഗ്ലീഷിനു പുറമേ മലയാളം, ഹിന്ദി, തെലുങ്ക്, ബംഗാളി എന്നീ ഭാഷകളിലും സന്ദേശങ്ങള്‍ വേരിഫൈ ചെയ്യാനാകും .