ന്യൂഡല്‍ഹി: ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കേസില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ട്രായിക്കും ഫെയ്‌സ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവ ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചതായി പരാതിക്കാരന്‍ കര്‍മണായ സിങ് പറഞ്ഞു. കേസില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകിയോടും ഇടപെടാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു.
ആപ്പുകളുടെ സേവനങ്ങള്‍ ലഭിക്കുന്നതിന് ഉപഭോക്താവിനെ നിര്‍ബന്ധിക്കുന്നില്ലെന്ന കമ്പനികളുടെ വാദത്തോടെ ഡല്‍ഹി ഹൈക്കോടതി തള്ളിയ കേസാണ് സുപ്രീംകോടതി സ്വീകരിച്ചത്.
മൊബൈലില്‍ നിന്നും വാട്ട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യുന്നതോടൊപ്പം അതിലെ വിവരങ്ങളും ഇല്ലാതാക്കണമെന്ന് കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാതാക്കിയവരുടെ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കിടരുതെന്നും കോടതി പറഞ്ഞിരുന്നു.