കോട്ടയം :പാലാ സീറ്റ് തർക്കത്തെ തുടർന്ന് എൽഡിഎഫ് വിടുന്ന മാണി സി. കാപ്പന്റെ യുഡിഎഫ് പ്രവേശനത്തിന് വഴിയൊരുങ്ങുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിൽ എത്തുമ്പോൾ അനുയായികൾക്കൊപ്പം പ്രകടനമായി ജാഥയിൽ പങ്കുചേരാനാണ് കാപ്പന്റെ തീരുമാനം.
1000 പ്രവർത്തകരുടെയും 250 ബൈക്കുകളുടെയും അകമ്പടിയോടെ തുറന്ന ജീപ്പിലാകും കാപ്പൻ യാത്രയിൽ പങ്കുചേരുക. ജാഥാ ക്യാപ്റ്റൻ രമേശ് ചെന്നിത്തലയെ ഷാൾ അണിയിച്ചു സ്വീകരിച്ച ശേഷം കാപ്പൻ തന്റെ നിലപാട് പ്രഖ്യാപിക്കും. ഇന്നലെ തുറന്ന ജീപ്പും ബൈക്കുകളും സജ്ജമാക്കി കാപ്പൻ കൊടികൾ അടക്കം ഒരുക്കി. കഴിഞ്ഞ ദിവസം വൈകിട്ട് ശരദ് പവാറിനെ കാണാൻ കാപ്പൻ ഡൽഹിക്കു പോയി. പവാറുമായുള്ള ചർച്ചയ്ക്കു ശേഷം നാളെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന.
പാലായിൽ വിട്ടുവീഴ്ച ചെയ്യാനും എൽഡിഎഫ് വിടേണ്ടെന്നും പവാർ തീരുമാനിച്ചാലും യുഡിഎഫിൽ ചേർന്ന് പാലായിൽ മത്സരിക്കാനാണ് കാപ്പന്റെ തീരുമാനം.