ചാനല്‍ ഷോകളില്‍ ബാബുരാജിന്റെ ഹിറ്റുകള്‍പാടി കുട്ടികള്‍ ഫ്‌ളാറ്റും വലിയസമ്മാനങ്ങളും നേടുമ്പോള്‍, വീട്ടുവാടക നല്‍കാന്‍ പ്രയാസപ്പെടുകയാണ് ബാബുരാജിന്റെ മകന്‍ എം.എസ്. ജബ്ബാര്‍.
”ബാബുരാജിന്റെ സംഗീതത്തെ എല്ലാവരും വില്‍ക്കുമ്പോള്‍ ഞങ്ങള്‍ നോക്കിനില്‍ക്കുകയാണ്. ജീവിക്കാനുള്ള പെടാപ്പാടില്‍ ഉപ്പയുടെ പ്രശസ്തി എന്നെ തുണച്ചില്ല. എം.എസ്. ബാബുരാജിന് സംഗീതം ഒരിക്കലും പണമുണ്ടാക്കാനുള്ള മാര്‍ഗമായിരുന്നില്ല” ജബ്ബാര്‍ പറയുന്നു.
മിഠായിത്തെരുവില്‍നിന്ന് മൊയ്തീന്‍പള്ളി റോഡിലേക്ക് കടക്കുന്നിടത്ത് ചെറിയൊരു ഡ്യൂട്ടിഫ്രീ ഷോപ്പുണ്ട്. അവിടെയാണ് ബാബുരാജിന്റെ മൂത്തമകന്‍ ജബ്ബാറിന് ഇപ്പോള്‍ ജോലി. കോഴിക്കോട്ടെ കൊച്ചുകൊച്ചു കടകളില്‍ ജോലിചെയ്ത് ജീവിതം പുലര്‍ത്തുന്ന ജബ്ബാര്‍ എം.എസ്. ബാബുരാജിന്റെ പേരുപറഞ്ഞ് ആരോടും സഹായമഭ്യര്‍ഥിക്കാറില്ല. ”പരിചയപ്പെടുമ്പോള്‍ ബാബുരാജിന്റെ മകനോ എന്ന് അതിശയംകൂറുന്നവരും സഹതാപാര്‍ദ്രമായ കണ്ണുകളോടെ നോക്കുന്നവരുമാണ് അധികവും.” അദ്ദേഹം പറയുന്നു.
1957-ല്‍ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലൂടെയാണ് എം.എസ് ബാബുരാജ് സിനിമയില്‍ പ്രവേശിക്കുന്നത്. പിന്നീട് വശ്യമായ ഈണങ്ങളിലൂടെ മലയാളികളുടെ മനയില്‍ ഇടം പിടിച്ചു. 120 സിനിമകള്‍ക്ക് അദ്ദേഹം സംഗീതമൊരുക്കി. 1978-ല്‍ 49-ാം വയസ്സില്‍ സ്ട്രോക്ക് വന്ന് ബാബുരാജ് മരിക്കുമ്പോള്‍ ജബ്ബാറിന് 14 വയസ്സാണ്. കുഞ്ഞുനാളുകളില്‍ത്തന്നെ സംഗീതപരിപാടികളില്‍ കൂടെ ഹാര്‍മോണിയം വായിച്ചിട്ടുള്ള ജബ്ബാറിനെ മദിരാശിയില്‍ കൊണ്ടുപോയി പഠിപ്പിക്കണമെന്ന് ബാബുരാജ് ആഗ്രഹിച്ചിരുന്നു. പക്ഷേ, പെട്ടെന്നുള്ള ആ വിയോഗം ജീവിതം മാറ്റിമറിച്ചു. ആറു പെണ്‍കുട്ടികളടക്കം ഒമ്പതു മക്കളുള്ള കുടുംബത്തെ ഒരു വഴിക്കെത്തിക്കാന്‍ ഉമ്മയോടൊപ്പം മൂത്തമകനായ ജബ്ബാറും കഷ്ടപ്പെട്ടു. യേശുദാസിന്റെ സഹായവും ദേവരാജന്‍മാസ്റ്റര്‍ സ്ഥിരംനിക്ഷേപമായി നല്‍കിയ തുകയുമാണ് ആശ്രയമറ്റ നാളുകളില്‍ കുടുംബത്തിന് തുണയായത്. ”ഉമ്മ ബിച്ച ബാബുരാജും പരാധീനതകള്‍ ബാക്കിയാക്കി ഞങ്ങളെ വിട്ടുപോയി”- ജബ്ബാര്‍ പറയുന്നു.
സന്ധ്യക്ക് കോട്ടപ്പറമ്പ് കലാസമിതിയുടെ തട്ടിന്‍പുറത്ത് ബാബുരാജിന്റെ ആരാധകരോടൊപ്പം പഴയ ഹാര്‍മോണിയവുമായി ഒട്ടുമിക്ക ദിവസങ്ങളിലും ജബ്ബാറുണ്ടാവും. ‘പൊട്ടിത്തകര്‍ന്ന കിനാവുകൊണ്ടൊരു…’ എന്ന ബാബുരാജ് സംഗീതം പകര്‍ന്ന ‘ഭാര്‍ഗവീനിലയ’ത്തിലെ പാട്ട് ജബ്ബാര്‍ തന്നെ പാടും.