തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ലക്ഷമോ അതിലധികമോ തുകയ്ക്കുളള സ്വർണാഭരണം വിൽക്കുമ്പോൾ അതിന്റെ ഇടപാട് രേഖകൾ സൂക്ഷിക്കണമെന്നും വിവരങ്ങൾ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ജ്വല്ലറികൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സർക്കുലർ അയച്ചു തുടങ്ങി. ഇത്തരത്തിൽ ഉപഭോക്താക്കളുടെ വിവരം കൈമാറണമെന്നത് ദൂരവ്യാപക പ്രത്യാഘാതം ഉളവാക്കുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കി.
സ്വർണാഭരണ മേഖലയെ കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (PMLA) പരിധിയിലാക്കി 2020 ഡിസംബർ 28 ന് പുറപ്പെടുവിച്ച ധനമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പുതിയ നിയമ പ്രകാരം ഉപഭോക്താക്കൾ വർഷത്തിൽ ഒന്നോ അതിലധികം തവണയായോ 10 ലക്ഷം രൂപയ്ക്കോ അതിന് മുകളിലോ സ്വർണഭരണങ്ങൾ വാങ്ങിയാൽ ഇനിമുതൽ ഇഡിയെ അറിക്കേണ്ടി വരുമെന്നും അസോസിയേഷൻ പറയുന്നു.