‘തലൈവി’ വീണ്ടും പ്രത്യക്ഷപ്പെടുമ്പോള്‍, തമിഴക രാഷ്ട്രീയത്തില്‍ വന്‍ ചങ്കിടിപ്പ് !

രാജ്യത്തെ മികച്ച ചലച്ചിത്ര സംവിധായകരുടെ ഒരു ലിസ്റ്റ് എടുത്താല്‍ അതില്‍ മുന്‍ നിരയിലായിരിക്കും എ.എല്‍ വിജയ് എന്ന തെന്നിന്ത്യന്‍ സംവിധായകന്റെ സ്ഥാനം. നടി അമല പോളിന്റെ ആദ്യ ഭര്‍ത്താവ് എന്ന നിലയില്‍ വിജയ് മലയാളികള്‍ക്കും ഏറെ സുപരിചിതനാണ്. അദ്ദേഹത്തിന്റെ മദിരാശിപട്ടണം, ദൈവത്തിരുമകന്‍, തലൈവ എന്നീ സിനിമകളും സൂപ്പര്‍ ഹിറ്റുകളാണ്. വൈകാരികതയും ആക്ഷനും ഒരു പോലെ കൈകാര്യം ചെയ്യാന്‍ മിടുക്കനാണ് ഈ സംവിധായകന്‍. ഇതു തന്നെയാണ് ‘തലൈവി’ സിനിമയെയും പ്രസക്തമാക്കുന്നത്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന ‘തലൈവി’, തമിഴകത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.

പ്രത്യേകിച്ച് നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ജയലളിതയുടെ ഓര്‍മ്മകള്‍ തിരിച്ചു വരുന്നത് ഗുണം ചെയ്യുമെന്നാണ് അണ്ണാ ഡി.എം.കെ നേതൃത്വവും കരുതുന്നത്. പ്രമുഖ ബോളിവുഡ് താരം കങ്കണ റണാവത്താണ് ജയലളിതയെ അവതരിപ്പിക്കുന്നത്.’തലൈവിയായ’ കങ്കണയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ജയലളിതയുടെ ചരമദിനത്തോട് അനുബന്ധിച്ചാണ് പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം, സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി സഖ്യം സ്ഥാപിക്കാന്‍ ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലും നിലവില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഡി.എം.കെ – രജനി ഏറ്റുമുട്ടലായി നിയമസഭ തിരഞ്ഞെടുപ്പ് മാറിയാല്‍ പ്രസക്തി തന്നെ നഷ്ടമാകുമെന്നാണ് അണ്ണാ ഡി.എം.കെ നേതൃത്വം ഭയപ്പെടുന്നത്. ഇത് ഒഴിവാക്കാനാണ് ഒരു വിഭാഗമിപ്പോള്‍ രജനിക്കൊപ്പം കൂടാന്‍ ശ്രമിക്കുന്നത്.

ജയലളിതയുടെ തോഴിയായിരുന്ന ശശികല ജയിലില്‍ നിന്നിറങ്ങുന്നതോടെ അവര്‍ക്കൊപ്പം നിലയുറപ്പിക്കാന്‍ മറ്റൊരു വിഭാഗവും ശ്രമിക്കുന്നുണ്ട്. ‘തലൈവി’ സിനിമയില്‍ ശശികലയുടെ റോള്‍ ചെയ്യുന്നത് മലയാളി താരം ഷംന കാസിം ആണ്. ഇത് വില്ലത്തരമുള്ള വേഷമാണോ എന്നതിലും ഇപ്പോള്‍ സസ്‌പെന്‍സ് നിലനില്‍ക്കുന്നുണ്ട്. തമിഴിലും ഹിന്ദിയിലുമായി ഒരേ സമയമാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇത് നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പാക്കാന്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആര്‍ വിജയേന്ദ്ര പ്രസാദ് തന്നെയാണ് തലൈവിക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായുടേതാണ്. എഡിറ്റിംഗ് ആന്റണിയും, ആക്ഷന്‍ സില്‍വയുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ‘തലൈവി’ ഒരു സംഭവമാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ദളപതിയെ നായകനാക്കി എ.എല്‍ വിജയ് മുന്‍പ് സംവിധാനം ചെയ്ത ‘തലൈവ’യും’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നു. ജയലളിതയുടെ ഭരണകാലത്ത് ഈ സിനിമക്കെതിരെ സര്‍ക്കാര്‍ തന്നെ നീങ്ങിയതും വേറിട്ട കാഴ്ചയായിരുന്നു. തലൈവ പോസ്റ്ററിലെ ”ടൈം ടു ലീഡ് ‘ എന്ന വാചകമാണ് ജയലളിതയെ ചൊടിപ്പിച്ചിരുന്നത്.

ദളപതി വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന അഭ്യൂഹം ശക്തി പ്രാപിച്ചതും ഈ സിനിമയോടെയായിരുന്നു. സിനിമകളും അതിലെ നായകരും തമിഴ് ജനതയെ സംബന്ധിച്ച് ജീവിതത്തിലും ഹീറോകളാണ്. എം.ജി.ആറിനും ജയലളിതക്കും തമിഴ് നാട് ഭരണം പിടിക്കാന്‍ കഴിഞ്ഞതും ഈ കരുത്തിനാല്‍ തന്നെയാണ്. ഇപ്പോള്‍ രജനിയും കമലും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതും ആരാധക കരുത്താണ്. താരപ്രഭക്ക് മുന്നില്‍ വീണ്ടും നയങ്ങളും പ്രത്യോയ ശാസ്ത്രങ്ങളും വഴി മാറുമോ എന്നതാണ് രാജ്യവും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Top