കേരളത്തിൽ തീയേറ്ററുകൾ തുറക്കുന്നതോടെ നിരവധി മലയാള ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത് . ഇതിനകം തന്നെ ചില ചിത്രങ്ങൾ റിലീസ് തീയതികൾ പുറത്തു വിട്ടു കഴിഞ്ഞിട്ടുമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് 100 കോടി ചെലവിൽ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ കുഞ്ഞാലി മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം. വലിയ ക്യാൻവാസിലൊരുങ്ങിയ ഈ ചിത്രം അടഞ്ഞു കിടക്കുന്ന തീയേറ്ററുകൾക്ക് പുത്തനുണർവ് നൽകുമെന്നുറപ്പാണ്. 2020 മാർച്ച് 26നാണ് മരയ്ക്കാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെതായി തീയേറ്ററുകളിലേക്ക് എത്തുന്നത് രണ്ട് ചിത്രങ്ങളാണ്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘ദി പ്രീസ്റ്റ്’ എന്ന ചിത്രം റിലീസിന് തയ്യാറായതായി അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. 2020 ജൂലായ് 31ന് ഈദ് റിലീസായി നിശ്ചയിക്കപ്പെട്ടിരുന്ന ‘ദി പ്രീസ്റ്റ്’ മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്. കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന ‘വൺ’ ആണ് മറ്റൊരു ചിത്രം. 2020 മാർച്ച് 22നായിരുന്നു ഇതിന്റെ റിലീസ് നിശ്ചയിച്ചത്. സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ആണ്.
നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം ‘കാവലിന്റെ’ ജോലികളും പൂർത്തിയായിട്ടുണ്ട്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമ തിയേറ്ററുകൾ തുറക്കുന്ന ആദ്യമാസം തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നതായാണ് സൂചന. ‘കേശു ഈ വീടിന്റെ നാഥൻ’ ആണ് റിലീസ് പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു ചിത്രം. ദിലീപും ഉർവശിയും ജോഡികളാകുന്ന ഈ നാദിർഷ സിനിമ കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യേണ്ടതായിരുന്നു.
ബ്ലസിയുടെ ആടുജീവിതം, ഡിജോ ജോസ് ആന്റണിയുടെ ‘ജനഗണമന’, നവാഗതസംവിധായകൻ തനു ബാലക്കിന്റെ ‘കോൾഡ് കേസ്’ എന്നിവയാണ് റിലീസിനൊരുങ്ങി നിൽക്കുന്ന പൃഥ്വിരാജ് നായകാനായ ചിത്രങ്ങൾ. ടേക്ക് ഓഫിന് ശേഷം സംവിധായകൻ മഹേഷ് നാരായണനും ഫഹദ്ഫാസിലും ഒന്നിക്കുന്ന മെഗാബജറ്റ് സിനിമ ‘മാലിക്ക്’ 2020 വിഷു റിലീസായി തീരുമാനിച്ചതായിരുന്നു. ഒരു വർഷത്തിലേറെ വൈകി 2021 മേയ് 13ന് ചിത്രം തിയേറ്ററുകളിലെത്തിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. രാജീവ് രവി ഒരുക്കിയ ‘തുറമുഖ’മാവും ലോക്ക്ഡൗണിന് ശേഷം ആദ്യം തിയേറ്ററിലെത്തുന്ന നിവിൻപോളി ചിത്രം. 1950കളിൽ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരേ നടന്ന തൊഴിലാളി മുന്നേറ്റമാണ് സിനിമയുടെ പശ്ചാത്തലം. ബേസിൽ ജോസഫ് ഒരുക്കുന്ന ‘മിന്നൽ മുരളി’, വി.എസ്. രോഹിത്തിന്റെ ‘കള’ എന്നിവയാണ് ടൊവിനോ തോമസിന്റെ ഉടൻ പുറത്തിറങ്ങാനുള്ള സിനിമകൾ.
ജയസൂര്യ നായകനായ “വെള്ളം” തീയേറ്റർ തുറന്നാലുടൻ റീലീസ് ചെയ്യാൻ തയ്യാറെന്നു പറഞ്ഞു നിർമാതാക്കൾ നേരത്തെ മുന്നോട്ട് വന്നിരുന്നു. രഞ്ജിത്ത് ശങ്കറിന്റെ ‘സണ്ണി’യാണ് തിയേറ്ററുകളിലെത്താനുളള ജയസൂര്യയുടെ മറ്റൊരു ചിത്രം. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ദുൽഖർ ചിത്രം ‘കുറുപ്പും’ തിയേറ്ററുകൾ തുറക്കുന്ന മുറയ്ക്ക് തിരശ്ശീലയിലെത്തും. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന സിനിമയാണ് 2021ലെത്തുന്ന മറ്റൊരു ചിത്രം. കുഞ്ചാക്കോ ബോബനെയും നയൻതാരയെയും പ്രധാന കഥാപാത്രങ്ങളാക്കി അപ്പു ഭട്ടതിരി സംവിധാനം ചെയത ‘നിഴലും’ ഈ വർഷം തിയേറ്ററുകളിലെത്തും.
മഞ്ജുവാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്ന സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’, ആർ.ജെ. മാത്തുക്കുട്ടി ഒരുക്കുന്ന ആസിഫലി ചിത്രം ‘കുഞ്ഞെൽദോ’, പാർവതി തിരുവോത്തിനെ നായികയാക്കി സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘വർത്തമാനം’, ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ ഒരുക്കിയ ‘മേപ്പടിയാൻ’, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’, അനൂപ് മേനോൻ സംവിധാനം ചെയ്ത് അനൂപും രഞ്ജിത്തും മുഖ്യവേഷങ്ങളിലെത്തുന്ന ‘കിങ് ഫിഷ്’ എന്നിവയാണ് റിലീസിനൊരുങ്ങിയ മറ്റ് പ്രധാന ചിത്രങ്ങൾ.