ചണ്ഡിഗഢ്: ഇറാഖിലെ മൊസൂളില്‍ കാണാതായ 39 ഇന്ത്യക്കാരുടെ കാര്യത്തില്‍ അവ്യക്തത തുടരുന്നു.
ഇവരുടെ കുടുംബാംഗങ്ങളോടു ഡിഎന്‍എ സാംപിളുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്, എന്നാല്‍ ഇതിന്റെ കാരണമെന്തെന്നു വിശദീകരിച്ചിട്ടില്ലെന്നു കാണാതായവരുടെ ബന്ധുക്കള്‍ അറിയിച്ചു.
2014ല്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ കൈപ്പിടിയില്‍ ആയതോടെയാണ് 39 പേരെക്കുറിച്ചും യാതൊരു വിവരവും ഇല്ലാതായത്.
ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയുമായി കഴിയുകയായിരുന്നു കുടുംബങ്ങള്‍. ഈ സാഹചര്യത്തിലെത്തിയ നിര്‍ദേശം കുടുംബാംഗങ്ങളെ ആശങ്കയിലാഴ്ത്തി.
പഞ്ചാബില്‍ നിന്നാണു കൂടുതല്‍പ്പേരെയും കാണാതായിരിക്കുന്നത്. അമൃത്സര്‍ ജില്ലയില്‍നിന്നുള്ളവരോടു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെത്തി ഡിഎന്‍എ സാംപിളുകള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഇന്നലെ സാംപിള്‍ ശേഖരിച്ചിട്ടില്ല, തിങ്കളാഴ്ച വീണ്ടുമെത്തി ഡിഎന്‍എ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഐഎസ് ഭീകരരില്‍നിന്ന് ജൂലൈയില്‍ മൊസൂള്‍ നഗരം ഇറാഖ് തിരിച്ചുപിടിച്ചിരുന്നു. ഇതിനു പിന്നാലെ കാണാതായ ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
അതേസമയം, ഐഎസ് ഭീകരരുടെ പിടിയില്‍നിന്നു രക്ഷപ്പെട്ട ഹര്‍ജിത് മാസിഹ് എന്നയാള്‍ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതിനു സര്‍ക്കാരിനു യാതൊരു വിവരങ്ങളും ലഭ്യമല്ലെന്നായിരുന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ വിശദീകരണം.