നിത്യാനന്ദ രാജ്യം വിട്ടതായി വിവരം ലഭിച്ചെങ്കിലും വിവാദ ആള്‍ദൈവം എങ്ങോട്ടാണ് അപ്രത്യക്ഷനായതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ പൊടുന്നനെ ആ വിവരങ്ങള്‍ പുറത്തുവരികയാണ്. സ്വന്തമായി ഒരു രാജ്യം തന്നെ ആരംഭിച്ചാണ് നിത്യാനന്ദയുടെ പുതിയ കളിയെന്നാണ് വിവരം. ഇക്വഡോറില്‍ നിന്ന് ഒരു സ്വകാര്യ ദ്വീപ് വിലയ്ക്ക് വാങ്ങിയാണ് ഇതിനെ രാജ്യമായി പ്രഖ്യാപിച്ചത്. കൈലാസം എന്നാണ് പുതിയ രാജ്യത്തിന് പേര് നല്‍കിയിരിക്കുന്നത്.
സ്വന്തമായി പതാകയും, പാസ്‌പോര്‍ട്ടും, ചിഹ്നവും ദ്വീപ് രാജ്യത്തിന് നല്‍കിയിട്ടുണ്ട്. ട്രിനിഡാഡ് & ടൊബാഗോയ്ക്ക് സമീപമുള്ള ദ്വീപിന് വിവാദ ആള്‍ദൈവം പ്രധാനമന്ത്രിയും, സ്വന്തം ക്യാബിനറ്റും നല്‍കിയിട്ടുണ്ട്. രാജ്യത്തിന് സംഭാവന നല്‍കിയാല്‍ നിത്യാനന്ദയുടെ രാജ്യത്ത് പൗരത്വം നേടാമെന്നാണ് പ്രഖ്യാപനം. കൈലാസത്തെ ഏറ്റവും മഹത്തരമായ ഹിന്ദു രാഷ്ട്രം എന്നാണ് ഈ ആള്‍ദൈവം വിശേഷിപ്പിക്കുന്നത്. രാജ്യത്തിന് സ്വന്തമായുള്ള വെബ്‌സൈറ്റില്‍ നല്‍കുന്ന വിവരങ്ങള്‍ ഇപ്രകാരമാണ്.
‘രാഷ്ട്രീയ വിചാരങ്ങള്‍ക്ക് അതീതമായ മനുഷ്യത്വപരമായ ജീവിതം വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് കൈലാസം. യഥാര്‍ത്ഥ ഹിന്ദുത്വമാണ് ഞങ്ങള്‍ ആചരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ബര്‍മ്മ, ശ്രീലങ്ക തുടങ്ങിയ ഇടങ്ങള്‍ മുതല്‍ സിംഗപ്പൂര്‍, മലേഷ്യ, കംബോഡിയ, ഇന്തോനേഷ്യ തുടങ്ങിയ 56ഓളം രാജ്യങ്ങളില്‍ നിലനിന്ന ഹിന്ദുത്വം ഇന്ന് തുടച്ചുനീക്കല്‍ ഭീഷണി നേരിടുകയാണ്’, വെബ്‌സൈറ്റ് അവകാശപ്പെടുന്നു.
കൈലാസ രാജ്യത്തെ പ്രധാനമന്ത്രിയെ മാ എന്നാണ് വിളിക്കുകയെന്നും, ദിവസേന ആള്‍ദൈവം ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തങ്ങളെ രാജ്യമായി അംഗീകരിപ്പിക്കാന്‍ കൈലാസം നിയമവിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം നേടാനാണ് ശ്രമങ്ങള്‍. ഇന്ത്യയിലെ വിവിധ കോടതികളില്‍ കേസ് നേരിടുന്ന നിത്യാനന്ദയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കിയിരുന്നില്ല. ഇതോടെ നേപ്പാള്‍ വഴി വ്യാജ വെനസ്വേല പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചാണ് ഇയാള്‍ മുങ്ങിയത്.