കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ ആരെയും കുറ്റവാളിയായി കാണരുതെന്ന് നടന്‍ സുരേഷ് ഗോപി. സ്വപ്നാ സുരേഷിന്റെയും ദിലീപിന്റെയും കേസുകളില്‍ ഇതാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി ദുബായില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷന്റെ ഭാഗമായാണ് സുരേഷ് ഗോപി ദുബായിലെത്തിയത്. ചിലരെ മനഃപൂര്‍വം പ്രതികളാക്കും വിധം പോലീസ് നടപടികളുണ്ടാവാറുണ്ട്. അന്തിമവിധി വരുന്നതുവരെ ആരും കുറ്റക്കാരല്ല. രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍പ്പോലും മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുള്ളതാണ് പുതിയ ചിത്രമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
ബിനീഷ് കോടിയേരിയുടേയും ദിലീപിന്റെയും സ്വപ്നാ സുരേഷിന്റെയും കാര്യമായാല്‍പ്പോലും കോടതി പറയണം. അല്ലാതെ ഞാന്‍ വിശ്വസിക്കില്ല. അതല്ലേ നമ്മുടെ നാട്ടില്‍ ലോ ഓഫ് ദ ലാന്‍ഡ് അദ്ദേഹം ചോദിച്ചു. തന്റെ രാഷ്ട്രീയ നിലപാടുനോക്കി ആരും സിനിമ വിലയിരുത്താറില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
മലയാളസിനിമയിലേക്കുള്ള തിരിച്ചുവരവില്‍ ഏറെ സന്തോഷമുണ്ടെന്ന് നടി അഭിരാമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നടന്‍ സിദ്ദിഖ്, നടി ദിവ്യാ പിള്ള, സംവിധായകന്‍ അരുണ്‍ വര്‍മ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്. നവംബര്‍ ആദ്യം ചിത്രം റിലീസ് ചെയ്യും. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന ഗരുഡന്‍ മാജിക് ഫ്രെയിംസും മിഥുന്‍ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം ബിജു മേനോന്‍ സുരേഷ് ഗോപി ഒന്നിക്കുന്ന ചിത്രമാണ് ഗരുഡന്‍.
ദിലീഷ് പോത്തന്‍, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസല്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ,സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോല്‍, ജെയ്‌സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. കഥ ജിനേഷ് എം. ജനഗണമന, കടുവ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജെയ്ക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു.