ഐഒഎസ് 18 ജൂണില്‍ അവതരിപ്പിച്ചേക്കും; ലഭ്യമാകുന്ന ഐഫോണുകളുടെ പട്ടിക പുറത്ത്

ജൂണില്‍ നടക്കാനിരിക്കുന്ന ഈ വര്‍ഷത്തെ ആപ്പിളിന്റെ വാര്‍ഷിക വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ച് പുതിയ ഐഒഎസ് 18 കമ്പനി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറില്‍ പുതിയ ഐഫോണുകള്‍ക്കൊപ്പം അവ ഔദ്യോഗികമായി പുറത്തിറക്കുകയും ചെയ്‌തേക്കും.

പുതിയ ജനറേറ്റീവ് എഐ ഫീച്ചറുകളും നൂതന ഡിസൈനും ആയിരിക്കും ഐഒഎസ് 18 ന്റെ മുഖ്യ സവിശേഷതകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ ഐഒഎസ് 18 പിന്തുണയ്ക്കാന്‍ സാധ്യതയുള്ള ഐഫോണുകളുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു.

ഐഫോണ്‍ ടെന്‍ആര്‍, ഐഫോണ്‍ ടെന്‍എസ്, ഐഫോണ്‍ ടെന്‍എസ് മാക്‌സ് ഉള്‍പ്പടെയുള്ള ഫോണുകളില്‍ വരെ പുതിയ ഐഒഎസ് എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഐഒഎസ് 17 ല്‍ പ്രവര്‍ത്തിക്കുന്ന മറ്റെല്ലാ ഫോണുകളിലും പുതിയ ഒഎസ് പ്രവര്‍ത്തിക്കും.

ആരോണ്‍ എന്ന ടിപ്പ്സ്റ്റര്‍ എക്‌സില്‍ പങ്കുവെച്ച വിവരങ്ങളെ അടിസ്ഥാനമാക്കി മാക്ക് റൂമേഴ്‌സ് വെബ്‌സറ്റാണ് ഐഒഎസ് 18 പിന്തുണയ്ക്കുന്ന ഫോണുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതനുസരിച്ച് താഴെ പറയുന്ന പട്ടികയിലുള്ള ഐഫോണുകളിലെല്ലാം ഐഒഎസ് 18 ലഭിക്കും.

ഐഫോണ്‍ 15
ഐഫോണ്‍ 15 പ്ലസ്
ഐഫോണ്‍ 15 പ്രോ
ഐഫോണ്‍ 15 പ്രോ മാക്‌സ്
ഐഫോണ്‍ 14
ഐഫോണ്‍ 14 പ്ലസ്
ഐഫോണ്‍ 14 പ്രോ
ഐഫോണ്‍ 14 പ്രോ മാക്‌സ്
ഐഫോണ്‍ 13
ഐഫോണ്‍ 13 മിനി
ഐഫോണ്‍ 13 പ്രോ
ഐഫോണ്‍ 13 പ്രോ മാക്‌സ്
ഐഫോണ്‍ 12
ഐഫോണ്‍ 12 മിനി
ഐഫോണ്‍ 12 പ്രോ
ഐഫോണ്‍ 12 പ്രോ മാക്‌സ്
ഐഫോണ്‍ 11
ഐഫോണ്‍ 11 പ്രോ
ഐഫോണ്‍ 11 പ്രോ മാക്‌സ്
ഐഫോണ്‍ ടെന്‍ എസ്
ഐഫോണ്‍ ടെന്‍ എസ് മാക്‌സ്
ഐഫോണ്‍ ടെന്‍ ആര്‍
ഐഫോണ്‍ എസ്ഇ (രണ്ടാം തലമുറ)
ഐഫോണ്‍ എസ്ഇ (മൂന്നാം തലമുറ)

ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ അടിസ്ഥാനമാക്കിയുള്ള എഐ ഫീച്ചറുകള്‍ ഐഒഎസ് 18 ല്‍ ഉണ്ടാകുമെന്നാണ് വിവരം. സിരിയില്‍ ജനറേറ്റീവ് എഐ അധിഷ്ടിത മാറ്റങ്ങളുണ്ടാവും. ആപ്പിള്‍ മ്യൂസിക്,. കീനോട്ട് ആപ്പ്, മെസേജസ്, ഹെല്‍ത്ത്, പേജസ്, ഷോര്‍ട്ട് കട്ട്‌സ് ഉള്‍പ്പടെയുള്ള വിവിധ ആപ്പുകളിലും എഐ ഫീച്ചറുകള്‍ അവതരിപ്പിച്ചേക്കും.

ഇതിന് പുറമെ മെസേജസ് ആപ്പില്‍ റിച്ച് കമ്മ്യൂണിക്കേഷന്‍ സര്‍വീസ് അഥവാ ആര്‍സിഎസ് പ്രോട്ടോകോള്‍ അധിഷ്ടിത അപ്‌ഡേറ്റും അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളെല്ലാം നേരത്തെ തന്നെ ആര്‍സിഎസിലേക്ക് മാറിയിട്ടുണ്ട്. എന്നാല്‍ ആപ്പിള്‍ അതിന് തയ്യാറായിരുന്നില്ല. എംഎംഎസ്, എസ്എംഎസ് പ്രോട്ടോകോളില്‍ നിന്ന് വ്യത്യസ്തമായി ആര്‍സിഎസില്‍ ഉയര്‍ന്ന റസലൂഷനിലുള്ള ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും വലിയ ഫയലുകളുമെല്ലാം അയക്കാനാവും. ആന്‍ഡ്രോയിഡ്-ഐഫോണ്‍ ഉപഭോക്താക്കള്‍ തമ്മിലുള്ള ചാറ്റുകളില്‍ എന്‍ക്രിപ്ഷന്‍ ഉറപ്പാക്കാനാവും. ക്രോസ് പ്ലാറ്റ്‌ഫോം ഇമോജി റിയാക്ഷനുകള്‍ ഉള്‍പ്പടെയുള്ളവ സാധ്യമാവും.

Top