ഡല്‍ഹി: മഹുവ മൊയിത്രയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. മഹുവ ഇന്ത്യയിലുള്ളപ്പോള്‍ പാര്‍ലമെന്റ് അക്കൗണ്ട് ദുബായില്‍ ഉപയോഗിച്ചതിന് തെളിവുകിട്ടിയെന്ന് നിഷികാന്ത് ദുബെ അവകാശപ്പെട്ടു. വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു വാക്ക് പോലും പറയാനില്ലെന്നും, ബന്ധപ്പെട്ടവര്‍ മറുപടി പറയുമെന്നും ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് അറിയിച്ചു.
മഹുവ മൊയിത്രയുടെ പാര്‍ലമെന്റ് അക്കൗണ്ട് ഉപയോഗിച്ച് താന്‍ ചോദ്യങ്ങള്‍ അപ്ലോഡ് ചെയ്‌തെന്ന് നേരത്തെ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി ലോക്‌സഭ എത്തിക്‌സ് കമ്മറ്റിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു. ഹിരാനന്ദാനി ദുബായിലാണ് താമസിക്കുന്നത്. മഹുവ ഇന്ത്യയിലുള്ളപ്പോള്‍ ദുബായില്‍ അക്കൗണ്ട് തുറന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്‍ഫോമാറ്റികസ് സെന്റര്‍, എന്‍ഐസി കണ്ടെത്തിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു.
അന്വേഷണ ഏജന്‍സികള്‍ എന്‍ഐസിയില്‍ നിന്ന് തെളിവ് ശേഖരിച്ചിട്ടുണ്ട്. രണ്ട് കോടി രൂപ ദര്‍ശന്‍ ഹീരനന്ദാനിയില്‍ നിന്ന് മഹുവ കൈപ്പറ്റിയെന്നും ദുബെ ലോക്പാലിന് നല്തിയ പരാതിയില്‍ ആരോപിച്ചു. എത്തിക്‌സ് കമ്മിറ്റിക്കും സിബിഐക്കും പുറമെയാണ് പരാതി ലോക്പാലിന് മുമ്പാകെയും എത്തുന്നത്. അതേസമയം വിവാദം കത്തുമ്പോള്‍ മഹുവ മൊയിത്രയെ പൂര്‍ണമായും കൈയൊഴിയുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. എല്ലാം വ്യക്തമാകട്ടെ എന്നാണ് പാര്‍ട്ടി നേതാക്കളുടെ നിലപാട്.