ന്യൂഡല്‍ഹി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി ജവാന്‍ റോയി മാത്യു ആത്മഹത്യ ചെയ്തതാണെന്ന് സൈന്യം. മാനസിക വിഷമം അദ്ദേഹത്തെ അലട്ടിയിരുന്നെന്നും അതാണ് ആത്മഹത്യക്ക് കാരണമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഉന്നതദ്യോഗസ്ഥനെതിരെ സ്വകാര്യ ചാനലില്‍ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് മലയാളിയായ സൈനികനെ മഹാരാഷ്ട്രയിലെ നാസികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ വിവരം വ്യാഴാഴ്ചയാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 25 മുതല്‍ പട്ടാളക്കാരനെ കാണാതായിട്ടുണ്ട്. കേണലിന്റെ വീട്ടുജോലികള്‍ ഉള്‍പ്പടെ തനിക്ക് ചെയ്യേണ്ടി വരുന്നതായി റോയി മാത്യുവും ഒപ്പമുള്ള സുഹൃത്തുക്കളും സ്വകാര്യ ചാനല്‍ പ്രവര്‍ത്തകരുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഇത് ക്വിന്റ് വെബ്‌പോര്‍ട്ടല്‍ ചാനലില്‍ വന്നതോടെയാണ് പറഞ്ഞതിന്റെ അപകടം റോയി മാത്യുവിന് മനസിലായത്.ഉടന്‍തന്നെ ഭാര്യയെ വിളിച്ച് ഉണ്ടായ സംഭവങ്ങള്‍ പറഞ്ഞെങ്കിലും ഇടക്ക് ഫോണ്‍ കട്ടായി. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ക്യാമ്പില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പട്ടാളക്കാരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതേസമയം സംഭവത്തില്‍ അന്വേഷണം നടത്താന്‍ സബ്ക സംഘര്‍ഷ് കമ്മിറ്റി അധ്യക്ഷന്‍ നലിന്‍ തല്‍വാര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിച്ച ജഡ്ജിയെ വെച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും,ദുഃഖകരമായ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിന്റെ വാദത്തോട് ഞാന്‍ യോജിക്കുന്നില്ലെന്നും തേജ് ബഹാദുര്‍ രണ്ടാം ഭാഗമാണിതെന്നും നലിന്‍ തല്‍വാര്‍ പ്രതികരിച്ചു.