വാഷിംങ്ടണ്‍: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി വൈറ്റ് ഹൗസ് പദവിയില്‍ നിന്ന് പിന്മാറുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യൂറോപ്പ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷമാണ് കെല്ലി വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയില്‍ നിന്ന് വിരമിക്കുന്നത്.
ജൂല്ലൈ 12നും 13നും ബ്രസ്സല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കും. അതിന് ശേഷം ജൂല്ലൈ 13 ന് യുകെയിലേക്ക് വിദേശ പര്യടനം നടത്തും. ഫിന്‍ലന്‍ഡില്‍ നടക്കുന്ന ഹെല്‍സിങ്കി ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആകുന്നതിന് മുമ്പ് ജോണ്‍ കെല്ലി ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ സെക്രട്ടറിയായിരുന്നു. ഇരുന്ന പദവികളിലെല്ലാം തന്റെ റോളുകള്‍ ഭംഗിയാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ട്രംപിനെ വിഡ്ഢിയെന്ന് കെല്ലി വിളിച്ചെന്നുള്ള ആരോപണം ഉന്നയിച്ചപ്പോഴാണ്, ട്രംപിനൊപ്പം മറ്റാരേക്കാള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ആളാണ് താനെന്നും താനും ട്രംപും തമ്മില്‍ സത്യസന്ധവും ശക്തവുമായ ഒരു ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞത്. യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് എച്ച്ആര്‍ മക് മാസ്റ്റര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് വൈറ്റ് ഹൗസില്‍ നിന്ന് രാജിവെച്ചത്. യുഎസ് മറൈന്‍ ഫോഴ്‌സിന്റെ ജനറലായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.