പാക്കിസ്ഥാൻ തിരികെ നൽകിയത് ‘നുണയും വഞ്ചനയും’ ; ഡൊണാൾഡ് ട്രംപ്

donald trump

വാഷിംഗ്ടൺ : പാക്കിസ്ഥാന് കോടികണക്കിന് ഡോളറിന്റെ സഹായം നൽകിയിട്ടും അവർ തിരികെ നൽകിയത് നുണയും വഞ്ചനയുമാണെന്നും, അല്ലാതെ വേറൊന്നുമല്ലെന്നും അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ഈ പ്രസ്താവനയ്ക്ക് പൂർണ്ണ പിന്തുണയാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്നത്.

അമേരിക്ക 15 വർഷത്തിനിടെ പാക്കിസ്ഥാന് 3300 കോടി ഡോളറിന്റെ (2,14,500 കോടി രൂപ) സഹായം നൽകി എന്നാൽ ഒടുവിൽ പാക്ക് അമേരിക്കയെ വിഢികളാക്കിയെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമൊന്നും പുതുതായില്ലെന്ന് വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സാറാ സാന്‍ഡേഴ്സ് വ്യക്തമാക്കി.

ഈ വിഷയത്തിൽ യുഎസിന്റെ നിലപാട് ഉറച്ചതാണ്. പാക്കിസ്ഥാന് നൽകി വരുന്ന സാമ്പത്തിക സഹായം നിർത്തലാക്കുന്നത് പ്രധാനപ്പെട്ടതാണെന്ന് അമേരിക്ക കരുതുന്നുവെന്നും സാറാ സാൻഡേഴ്സ് കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന പ്രസിഡന്റിന്റെ പ്രസ്താവന കാലതാമസം കൂടാതെ നടപ്പാക്കിയ യുഎസ്, അവർക്കുള്ള 115 കോടി ഡോളർ (ഏകദേശം 7245 കോടി രൂപ) സുരക്ഷാ സഹായവും സൈനിക ഉപകരണങ്ങളുടെ വിതരണവും മരവിപ്പിച്ചിരുന്നു.

താലിബാൻ, ഹഖാനി നെറ്റ്‌വർക് ഭീകരസംഘടനകൾക്കു താവളമൊരുക്കുന്നതിന്റെ പേരിൽ പാക്കിസ്ഥാനുള്ള സഹായങ്ങൾ നിർത്തലാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ആദ്യപടിയായാണു സുരക്ഷാ സഹായം സസ്പെൻഡ് ചെയ്തതെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ് വക്താവ് ഹീതർ നോയെട് വ്യക്തമാക്കിയിരുന്നു. ഭീകരസംഘടനകൾക്കെതിരെ നടപടി സ്വീകരിക്കും വരെ ഇതു തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

Top