വൈറ്റ് ഹൗസ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു; ആരോപണവുമായി മുന്‍ സുരക്ഷാ ഉപദേഷ്ടാവ്

ദവി രാജി വെച്ചതിന് ശേഷം വൈറ്റ് ഹൗസ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി അമേരിക്കന്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ വ്യക്തമാക്കി.

താന്‍ ഒളിവില്‍ പോയെന്ന് പ്രചരിപ്പിച്ചവരെ നിരാശപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നെന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് വൈറ്റ് ഹൗസിനെതിരെ ബോള്‍ട്ടണ്‍ ട്വിറ്ററില്‍ കുറിച്ചത്. സെപ്റ്റംബര്‍ മുതല്‍ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്ന ബോള്‍ട്ടന്റെ ട്വിറ്റര്‍ അക്കൗണ്ട് കഴിഞ്ഞ ദിവസമാണ് സജീവമായത്. അക്കൗണ്ട് ബ്ലോക്ക് മാറ്റിയതില്‍ ട്വിറ്റര്‍ പ്രവര്‍ത്തകരോട് ഇദ്ദേഹം നന്ദി അറിയിച്ചു. അതേസമയം ബോള്‍ട്ടന്റെ ആരോപണത്തോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സുരക്ഷാ ഉപദേഷ്ടാവായിരിക്കെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നിരവധി തവണ ബോള്‍ട്ടന് കൊമ്പുകോര്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇറാനുമായുള്ള നയതന്ത്രബന്ധത്തെ ചൊല്ലി ട്രംപുമായുണ്ടായ അസ്വാരസ്യം ഇദ്ദേഹത്തിന്റെ രാജിയില്‍ കലാശിക്കുകയും ചെയ്തു.

ട്രംപ് ഇംപീച്ച്മെന്റ് നടപടി നേരിടുന്ന സാഹചര്യത്തില്‍ ബോള്‍ട്ടന്റെ അക്കൗണ്ട് സജീവമാകുന്നത് പുതിയ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വഴി തുറന്നേക്കാമെന്നാണ് വിലയിരുത്തല്‍.

Top