ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം നടപ്പാക്കിയത് രാജ്യത്തെ ഒരു ശതമാനം പണക്കാര്‍ക്ക് വേണ്ടിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരായ ‘യജ്ഞ’മെന്നാണ് നവംബര്‍ എട്ടിന് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ഈ യജ്ഞം രാജ്യത്തെ ഒരു ശതമാനം വരുന്ന വമ്പന്‍ പണക്കാര്‍ക്ക് വേണ്ടിയായിരുന്നു. മോദിജിയുടെ യജ്ഞത്തില്‍ ത്യാഗമനുഷ്ഠിച്ചത് സാധാരണക്കാര്‍ മാത്രമെന്നും രാഹുല്‍ പറഞ്ഞു.
നോട്ട് പിന്‍വലിക്കല്‍ മൂലം ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം നീക്കണമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങള്‍ ജനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് എതിരാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നോട്ട് അസാധുവാക്കലിന് ശേഷം എത്ര കള്ളപ്പണം പിടികൂടി, രാജ്യത്തിനുണ്ടായ സാമ്പത്തിക നഷ്ടം എത്ര, എത്രപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ മോദി വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
25 ലക്ഷത്തിനു മുകളില്‍ ബാങ്കില്‍ നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.