ഗാസ മുനമ്പ് മരണ മേഖലയായി കഴിഞ്ഞെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്

സ്രയേല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന ഗാസ മുനമ്പ് മരണ മേഖലയായി കഴിഞ്ഞെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. മനുഷ്യത്വരഹിതമായ ആരോഗ്യ-മാനുഷിക സാഹചര്യങ്ങള്‍ മുനമ്പിലെ നില കൂടുതല്‍ വഷളാക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ തലവന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ഖാന്‍ യൂനിസിലെ അല്‍-അമല്‍ ഹോസ്പിറ്റലില്‍ സ്ഥിതിഗതികള്‍ മോശമാണെന്ന് പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി മുന്നറിയിപ്പ് നല്‍കി.

തെക്കന്‍ നഗരമായ റഫയില്‍ ഇസ്രായേല്‍ ബോംബാക്രമണങ്ങള്‍ വര്‍ധിപ്പിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ റഫയുടെ വടക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയില്‍ ആകെ 69,333 പേര്‍ക്ക് പരിക്കേറ്റതായും 29,313 കൊല്ലപ്പെട്ടതായും ഗാസയുടെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു

ഏറ്റവും ഒടുവിലായി ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു വീട് ഉപരോധിച്ച ശേഷം രഹസ്യ ഇസ്രായേലി സൈന്യം ഒരു പലസ്തീനിയെ കൊലപ്പെടുത്തിയിരുന്നു.യുഎന്‍ഒസിഎച്ച്എയുടെ കണക്കനുസരിച്ച് അധിനിവേശ പ്രദേശങ്ങളിലെ പലസ്തീനികളുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ ഇസ്രേലികള്‍ പൊളിച്ച് നീക്കുന്നതിനാല്‍ 337 കുട്ടികള്‍ ഉള്‍പ്പെടെ 830 പേര്‍ക്ക് മാറി താമസിക്കേണ്ടിയതായി വന്നു. ഒക്ടോബര്‍ ഏഴ് മുതല്‍ ഏകദേശം ഇതുപ്രകാരം 131 വീടുകള്‍ തകര്‍ത്തിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍, നൂര്‍ ഷംസ്, തുല്‍ക്കറെം എന്നീ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് 95 ശതമാനം പൊളിച്ച് മാറ്റലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.അതേസമയം, ഒക്ടോബറിനു ശേഷം അധിനിവേശ വെസ്റ്റ് ബാങ്ക്, അധിനിവേശ കിഴക്കന്‍ ജറുസലേം, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ പരിക്കേറ്റ 4,528 പലസ്തീനികളില്‍ 702 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് യുഎന്‍ ഓഫീസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (യുഎന്‍ഒസിഎച്ച്എ) റിപ്പോര്‍ട്ട് ചെയ്യുന്നു. പലസ്തീന്‍ ജനതയ്ക്കും അവരുടെ സ്വത്തിനും എതിരെ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ ഇതേ കാലയളവില്‍ 573 ആക്രമണങ്ങള്‍ നടത്തിയതായും ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Top