കൊച്ചി: തീവ്രവാദ സംഘടനകള്‍ കൊച്ചി സിറ്റി പൊലീസിന് ‘അയച്ച’തായി പറയുന്ന വധഭീഷണി കത്തിലും ദുരൂഹത.
എഡിജിപി ബി സന്ധ്യ, എറണാകുളം റേഞ്ച് ഐജി ശ്രീജിത്ത്, അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ലാല്‍ജി എന്നിവര്‍ക്കെതിരെ അല്‍-ഉമ,ഐഎസ് സംഘടനകളുടെ വധഭീഷണി കത്ത് ലഭിച്ചെന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ബ്യൂറോ ചീഫ് സഹിന്‍ ആന്റണിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
കത്തിനെ അതീവ ഗൗരവമായാണ് ആഭ്യന്തര വകുപ്പും ഐബിയും കാണുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അയക്കുന്ന ഇത്തരം കത്തുകളെ നിസ്സാരമായി കാണാന്‍ കഴിയില്ലെന്ന നിലപാടിലാണ് അധികൃതര്‍.
ഭീഷണി കത്ത് ലഭിച്ച സിറ്റി പൊലീസ് കമ്മീഷണറെ കത്തില്‍ വെറുതെ വിട്ടിട്ടുണ്ട്. സിറ്റിയില്‍ ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ക്കും ഭീഷണിയില്ല. സംസ്ഥാനത്ത് തന്നെ തീവ്രവാദ സംഘടനകളുടെ ഹിറ്റ്‌ലിസ്റ്റില്‍ പെട്ട ഉദ്യോഗസ്ഥനെന്ന് പറയപ്പെടുന്ന ആലുവ റൂറല്‍ എസ്പി പിഎന്‍ ഉണ്ണിരാജനെയും കത്തില്‍ ‘തീവ്രവാദികള്‍’ഒഴിവാക്കിയിട്ടുണ്ട് ?
ആലുവയില്‍ 8 പേരടങ്ങുന്ന സംഘം യോഗം ചേര്‍ന്നെടുത്ത തീരുമാനമാനമാണെന്ന് അവകാശപ്പെടുന്ന കത്തിലാണ് ‘കണ്ണിലെ കരടായ’ സ്ഥലം എസ്പിയെ തന്നെ ‘വെറുതെ’ വിട്ടിരിക്കുന്നത്.
ഒരേ പോസ്റ്റ് ഓഫീസില്‍ നിന്ന് അല്‍ഉമ, ഐഎസ് എന്നീ രണ്ട് സംഘടനകളുടെ പേരില്‍ വന്ന ഭീഷണിക്കത്ത് ‘മന:പൂര്‍വ്വം’ ആരെങ്കിലും തയ്യാറാക്കി അയച്ചതാവാമെന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്.
ഇത് എന്തിന് വേണ്ടി? ആര്‍ക്ക് വേണ്ടി ? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി ലഭിക്കേണ്ടത്.
ഈ ഭീഷണിക്കത്തില്‍ പറയുന്ന ഒരു ഉദ്യോഗസ്ഥനും നേരിട്ട് തീവ്രവാദ സംഘടനകള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചതായി അറിവില്ല. ഐഎസ് അംഗങ്ങളടക്കമുള്ള തീവ്രവാദ സംഘടനയിലെ പ്രവര്‍ത്തകരെ വേട്ടയാടിപ്പിടിച്ച എന്‍ഐഎ ഉദ്യോഗസ്ഥരായ ഷൗക്കത്ത് അലിക്കും വിക്രമനും പോലും ഏതെങ്കിലും ഭീഷണിക്കത്ത് ലഭിച്ചതായ വിവരവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഡിവൈഎസ്പി റാങ്കില്‍ പ്രവര്‍ത്തിക്കുന്ന ഈ രണ്ട് ഉദ്യോഗസ്ഥരും കേരള കേഡറില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ് എന്‍ഐഎഎയില്‍ എത്തിയത്.
ജഡ്ജിമാര്‍ക്കും ഉന്നത രാഷട്രീയ നേതാവിനും ഒരു പൊലീസ് ഉദ്യോഗസ്ഥനും എതിരെ ഗൂഢാലോചന നടത്തുമ്പോഴാണ് ഐഎസ് സംഘത്തില്‍ പെട്ടവരെ എന്‍ഐഎ സംഘം കണ്ണൂരില്‍ നിന്നും മറ്റും പിടികൂടിയത്. അന്ന് ഗൂഢാലോചനക്കാരുടെ ഹിറ്റ്‌ലിസ്റ്റില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ പേരും ഇപ്പോഴത്തെ ഭീഷണിക്കത്തില്‍ ഇല്ലായെന്നതും ശ്രദ്ധേയമാണ്.
രണ്ട് സംഘടനകളുടെ പേരില്‍ ഒരാള്‍ കത്തയച്ചാലും രണ്ട് പേര്‍ കത്തയച്ചാലും അതിലുമുണ്ട് ദുരൂഹത.
ഇത് പബ്ലിസിറ്റിക്ക് വേണ്ടി ഏതെങ്കിലും ‘ബുദ്ധി’ കേന്ദ്രത്തില്‍ ഉടലെടുത്ത നാടകമാണോയെന്ന കാര്യവും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ട കാര്യമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളടക്കം കത്തിന്റെ ഉറവിടം തേടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാവോയിസ്റ്റുകളെ നിലമ്പൂരില്‍ വെടിവെച്ച് കൊല്ലുന്നതിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും ഇത്തരത്തില്‍ തസ്തികയടക്കം പറഞ്ഞ ഒരു വധഭീഷണി മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് പോലും ഉണ്ടായിട്ടില്ല.
പകരം വീട്ടുമെന്ന മുന്നറിയിപ്പല്ലാതെ ഏതെങ്കിലും ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നതായ ഒരു സൂചനയും കേന്ദ്രകമ്മറ്റിയംഗം ഉള്‍പ്പെടെ കൊല്ലപ്പെട്ടിട്ടും മാവോയിസ്റ്റുകള്‍ നല്‍കിയിരുന്നില്ല.
മാത്രമല്ല മാവോയിസ്റ്റ് ഭീഷണിയുടെ അടിസ്ഥാനത്തില്‍ കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്താമെന്ന നിര്‍ദ്ദേശത്തെ തൃശ്ശൂര്‍ റേഞ്ച് ഐജി,മലപ്പുറം എസ്പി, നിലമ്പൂര്‍ ഡിവൈഎസ്പി തുടങ്ങിയ ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞതിനാല്‍ കമാന്‍ഡോകള്‍ വെയിറ്റിങ്ങിലുമാണത്രെ. കമാന്‍ഡോ സുരക്ഷ കൂടിയുണ്ടെങ്കില്‍ ‘ഷൈന്‍’ ചെയ്യാനും എളുപ്പമാണല്ലോ.
ഈ സാഹചര്യം മുന്‍നിര്‍ത്തി ഏതെങ്കിലുമൊരു ‘ബുദ്ധി കേന്ദ്രം’ മറ്റുള്ളവരെ കൂടി ഇതിലേക്ക് വലിച്ചിഴച്ചതാണോയെന്ന കാര്യം കൂടി കത്തിന്റെ ഉറവിടം തേടുന്ന സംസ്ഥാന-കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന.