ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി ദ്രൗപതി മുർമു(64)വിനെ പാർട്ടി തെരഞ്ഞെടുത്തു. വെങ്കയ്യ നായിഡു, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി പരിഗണിക്കുമെന്ന അഭ്യൂഹം ഉയർന്നതിന് ശേഷമാണ് വനിതയും ആദിവാസി വിഭാഗത്തിൽ നിന്നുൾപ്പെട്ടതുമായ ദ്രൗപതി മുർമുവിലേക്ക് ബിജെപി എത്തിയത്. കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പദവിയിലേക്ക് പരിഗണിക്കുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും സ്ഥാനാർഥിത്വത്തിനുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വെങ്കയ്യ നായിഡു, ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവരുടെ കൂടിയാലോചനക്ക് ശേഷമാണ് ചരിത്രപരമായ തീരുമാനത്തിലേക്ക് ബിജെപി നേതൃത്വം എത്തിയത്. ദ്രൗപതി മുർമു തെരഞ്ഞെടുക്കപ്പെട്ടാൽ ചരിത്രത്തിൽ ആദ്യമായി ആദിവാസി വനിത രാജ്യത്തിന്റെ പ്രഥമപൗരയാകുമെന്നതും പ്രത്യേകത. ആദിവാസി വനിതാ നേതാവിനെ ഉയർത്തിക്കാട്ടുന്നതിലൂടെ ചിതറിക്കിടക്കുന്ന പ്രതിപക്ഷ പാർട്ടികളിൽ ചിലരുടെ പിന്തുണ നേടാനാകുമെന്നും ബിജെപി കരുതുന്നു.
ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. 2015ൽ ദ്രൗപതിയെ ജാർഖണ്ഡിന്റെ ഗവർണറായി നിയമിച്ചു. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ഗവർണറായി ദ്രൗപതി മുർമു മാറി. 2000ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിക്കുന്നത്. റെയ്റാങ്പുർ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി ജയിച്ചത്. തുടർച്ചയായി രണ്ട് തവണ എംഎൽഎയായി. 2000ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-ഗതാഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്കാരം). ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിന് തന്നെ.
1958 ജൂൺ 20നാണ് മയൂർഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിൽ ദ്രൗപതി മുർമു ജനിച്ചത്. ബിരാഞ്ചി നാരായൺ തുഡുവാണ് പിതാവ്. ആദിവാസി വിഭാഗമായ സാന്താൾ കുടുംബത്തിലായിരുന്നു ജനനം. രമാദേവി വിമൻസ് യൂണിവേഴ്സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. ശ്യാംചരൺ മുർമുവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ടാൺമക്കളും ഒരു പെൺകുട്ടിയുമുണ്ട്. എന്നാൽ ഭർത്താവും രണ്ടാൺകുട്ടികളും മരിച്ചു.