ആരാണ് മാതൃക; ഡോ. ലാല്‍ സദാശിവത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

കേന്ദ്ര സഹമന്ത്രി മുരളീധരന് കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനാകുമോ അതോ സഹമന്ത്രിയായതിനാല്‍ മുറിക്ക് പുറത്തു നില്‍ക്കണോ എന്നൊക്കെയുള്ള കാര്യങ്ങള്‍ക്ക് കൊവിഡ് രോഗ നിയന്ത്രണത്തില്‍ വലിയ പ്രാധാന്യമില്ല. അതിനാല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞ് മന്ത്രി മുരളീധരനെ അപഹസിക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. ലാല്‍ ശിവദാസ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

ഡോ- ലാല്‍ സദാശിവത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ആരാണ് മാതൃക?

കേന്ദ്ര സഹമന്ത്രി മുരളീധരന് കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനാകുമോ അതോ സഹമന്ത്രിയായതിനാല്‍ മുറിക്ക് പുറത്തു നില്‍ക്കണോ എന്നൊക്കെയുള്ള കാര്യങ്ങള്‍ക്ക് കൊവിഡ് രോഗ നിയന്ത്രണത്തില്‍ വലിയ പ്രാധാന്യമില്ല. അതിനാല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞ് മന്ത്രി മുരളീധരനെ അപഹസിക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന് ആലോചിക്കണം.

രണ്ടുപേരും എത്ര വിചാരിച്ചാലും അവരവരുടെ മന്ത്രിസഭയില്‍ ചെയ്യാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും കഴിയുന്ന കാര്യങ്ങള്‍ എന്താണെന്നാണ് ഇപ്പോള്‍ നമ്മള്‍ അന്വേഷിക്കേണ്ടത്. കൊവിഡ് വ്യാപനം നടക്കുന്ന സമയത്ത് സംസ്ഥാനം മുഴുവനും ഒരുമിച്ചു നില്‍ക്കണമെന്ന് സര്‍ക്കാരുകളും നമ്മളും ആഗ്രഹിക്കുമ്പോള്‍ മന്ത്രിമാര്‍ പരസ്പരം ആക്ഷേപിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണം.

ഞാന്‍ കോണ്‍ഗ്രസുകാരനാണ്. അതുകൊണ്ടു തന്നെ രാജ്യത്തും കേരളത്തിലും കോണ്‍ഗ്രസ് ഭരണം നടക്കണമെന്ന ആഗ്രഹം എന്നെപ്പോലെയുള്ളവരില്‍ സ്വാഭാവികമാണ്. എന്നാല്‍ രണ്ടിടത്തും ഇപ്പോള്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്, ഞങ്ങള്‍ ആഗ്രഹിക്കുന്ന കാര്യമല്ലെങ്കിലും. അതിനാല്‍ യാഥാര്‍ത്ഥ്യം മനസിലാക്കി വേണം ഞാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനും.

രണ്ട് സര്‍ക്കാരുകളോടും എനിക്ക് രാഷ്ടീയമായ വിയോജിപ്പുകളുണ്ട്. അത് എന്റെ അഭിപ്രായങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്യും. അതേ സമയം മുരളീധരനും കടകംപള്ളിയും ഒരേ സമയം എന്റെ മന്ത്രിമാരാണ്. അവര്‍ രണ്ടും മന്ത്രിസഭയില്‍ ഇല്ലെങ്കിലും രണ്ട് സര്‍ക്കാരും എന്റെയും കൂടി സര്‍ക്കാരാണ്. മുഴുവന്‍ ജനങ്ങളുടെയും സര്‍ക്കാരാണ്. സര്‍ക്കാരുകള്‍ ഏതെങ്കിലും പാര്‍ട്ടിയുടെയോ പാര്‍ട്ടിക്കാരുടേതോ അല്ല. എല്ലാ മനുഷ്യരുടേതും എല്ലാ ജീവജാലങ്ങളുടേതുമാണ്.

രണ്ടു മന്ത്രിമാരും വിചാരിച്ചാല്‍ അവരവര്‍ അംഗമായുള്ള സര്‍ക്കാരുകളില്‍ നിന്നും ഈ ദുരന്ത സമയത്ത് എന്ത് സഹായം സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് പൊതുജനം ഉറ്റുനോക്കുന്നത്.

രാഷ്ട്രീയ വ്യത്യാസങ്ങള്‍ ചര്‍ച്ചയാകാം. ക്ഷേത്രം തുറക്കാന്‍ ഏത് സര്‍ക്കാരാണ് കാരണമെന്ന് തര്‍ക്കിക്കാം. എന്നാല്‍, അതിനിടയില്‍ ആര്‍ക്കാണ് കൂടുതല്‍ ഉയരം, ആരുടെ കസേരയാണ് വലുത് എന്നൊക്കെയുള്ള ചെറിയ ചര്‍ച്ചകളില്‍ സാധാരണ പൗരന് താല്‍പര്യമുണ്ടെന്ന് തോന്നുന്നില്ല. അഭിപ്രായങ്ങളിലും പ്രവൃത്തിയിലും രണ്ട് സര്‍ക്കാരിലും മന്ത്രിയല്ലാത്ത ശ്രീ. ശശി തരൂരിനെ മാതൃകയാക്കണമെന്നാണ് ഈയിടെയായി സി.പി.എം. നിരന്തരം പറയുന്നത്. അത് മന്ത്രി കടകംപള്ളിക്കും ബാധകമാണ്.

മലപ്പുറത്തെയും കേരളത്തെയും മലയാളികളെയും ഒരുമിച്ച് അപമാനിച്ച മനേക ഗാന്ധിയുടെ കുത്തിത്തിരുപ്പില്‍ നമ്മളെല്ലാം ഒരുപോലെ പ്രതിഷേധിച്ചു. അവരുടെ നിയോജക മണ്ഡലമായ സുല്‍ത്താന്‍പൂരിനെക്കാള്‍ നല്ല പ്രദേശമാണ് മലപ്പുറവും കേരളവും എന്ന് നമുക്ക് അവരോട് പറയാന്‍ കഴിഞ്ഞു. താങ്കള്‍ സുല്‍ത്താന്‍പൂരിനെ നന്നാക്കാന്‍ ശ്രമിക്കണമെന്ന് നമുക്ക് അവരെ ഉപദേശിക്കാന്‍ കഴിഞ്ഞു. എന്നാല്‍ അവരുടെ സാരിയുടെ നിറം നമ്മള്‍ നോക്കിയില്ല. അവരുടെ പേരിലുമുള്ള ഗാന്ധി ‘ഗണ്ടി’ ആണോ എന്ന് നമ്മളാരും ചോദിച്ചില്ല. അവരിപ്പോള്‍ മന്ത്രിയല്ലല്ലോ എന്ന് നമ്മള്‍ കളിയാക്കിയില്ല. അവര്‍ വലിയ കള്ളത്തരം പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ നോക്കുന്നതിനോടാണ് മാത്രമാണ് നമുക്ക് എതിര്‍പ്പ്. എതിര്‍പ്പ് നയങ്ങളോടാണ്.

മറ്റൊരാളെ ചെറുതാക്കുമ്പോള്‍ നമ്മള്‍ സ്വയം വലുതാകുന്നുമില്ല. പുതിയൊരു രാഷ്ട്രീയ സംസ്‌കാരം വളരാനുണ്ട്. മാന്യതയും സഭ്യതയും ഒക്കെ പൊക്കിക്കൊണ്ട് വരേണ്ടത് നമ്മള്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രമല്ല. മറ്റുള്ളവരെ ആക്രമിക്കുമ്പോഴും അത് ഓര്‍ക്കണം. അതും മനസിലായിക്കാണുമല്ലോ? ഇനി ശ്രദ്ധിച്ചാലും മതി.

Top