ന്യൂഡല്‍ഹി: ഇന്ത്യ സ്വന്തം നിലയില്‍ വികസിപ്പിച്ചെടുത്ത ‘ആത്മനിര്‍ഭര്‍ വാക്‌സീന്’ ഒടുവില്‍ അംഗീകാരം. കേന്ദ്ര സര്‍ക്കാര്‍ അഭിമാനമായി ചൂണ്ടിക്കാട്ടുന്ന ആദ്യ തദ്ദേശ വാക്‌സീന്‍ കോവാക്‌സീന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവാക്സീന്‍ ഉപയോഗിക്കാനാണ് അനുമതി.
ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പാണ് കോവാക്‌സിന്റെ എമര്‍ജന്‍സി യൂസേജ് ലിസ്റ്റിങ് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്. ഏപ്രില്‍ 19നാണ് അനുമതിക്കായി ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. യുഎസ് വാക്‌സീനുകളായ ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഓക്‌സ്ഫഡ് വികസിപ്പിച്ച കോവിഷീല്‍ഡ്, വാക്‌സെവിരിയ, ചൈനയുടെ സിനോവാക് എന്നീ വാക്‌സീനുകള്‍ക്കു മാത്രമാണ് നിലവില്‍ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത്.
ചൈനയുടെ തദ്ദേശീയ വാക്‌സീന് പോലും അംഗീകാരം നല്‍കിയിട്ടും കോവാക്‌സിന് അനുമതി നിഷേധിക്കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വാക്‌സീന്‍ പരീക്ഷണ ഫലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതിനുസരിച്ച് കമ്പനി കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇന്ന് ചേര്‍ന്ന സംഘടനയുടെ ഉപദേശക സമിതി യോഗത്തിലാണ് ഇന്ത്യ ഏറെ നാള്‍ കാത്തിരുന്ന നിര്‍ണായക തീരുമാനം എത്തിയത്.
ഡബ്ല്യുഎച്ച്ഒ അംഗീകാരം ലഭിക്കുന്നത് വാക്സീന്‍ എടുത്ത ശേഷം വിദേശയാത്രയ്ക്ക് തയാറെടുക്കുന്നവര്‍ക്കു ഗുണകരമാകും. വാക്‌സീനുമായി ബന്ധപ്പെട്ട് നേരത്തേ പലവട്ടം പറഞ്ഞ കാര്യം തന്നെയാണ് ലോകാരോഗ്യ സംഘടന ആവര്‍ത്തിച്ചു കൊണ്ടിരുന്നത്- ചില ഡേറ്റ കൂടി കിട്ടാനുണ്ടെന്ന്. ആവശ്യപ്പെട്ട ഡേറ്റ നല്‍കിയെന്ന മറുപടി ഭാരത് ബയോടെക്കും ആവര്‍ത്തിച്ചു. സ്വകാര്യ കമ്പനി മാത്രമല്ല, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനു കീഴിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ കൂടി ശ്രമഫലമാണ് വാക്‌സീന്‍.
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) ആണ് കൊറോണ വൈറസ് സ്‌ട്രെയിന്‍ നല്‍കിയത്. കോടിക്കണക്കിനു വാക്‌സീന്‍ ഡോസുകള്‍ ഇതിനകം തന്നെ കുത്തിവയ്ച്ചു കഴിഞ്ഞു. ഇന്ത്യയ്ക്കു പുറമേ, ഇറാന്‍, ഗയാന, മൗറീഷ്യസ്, മെക്‌സിക്കോ, നേപ്പാള്‍, പരാഗ്വേ, ഫിലിപ്പൈന്‍സ്, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് കോവാക്‌സിന് നേരത്തെ അടിയന്തര ഉപയോഗാനുമതി നല്‍കിയത്. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ഒമാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും അംഗീകാരം നല്‍കിയിരുന്നു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കോവാക്‌സീന് അംഗീകാരമില്ലാതിരുന്നത് വന്‍ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരുന്നത്.