മത്സ്യത്തൊഴിലാളിയെ വെടിവെച്ചതാര്?; നിര്‍ണായക വിദഗ്ധ പരിശോധന ഇന്ന്

കൊച്ചി: എറണാകുളം ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നിർണായക ബാലിസ്റ്റിക് പരിശോധന ഇന്ന് നടക്കും. ഏത് ഇനം തോക്കിൽ നിന്നാണ് വെടിവെപ്പുണ്ടായത്, വെടിയുണ്ട ഏത് വിഭാഗത്തിൽപ്പെട്ടതാണ്, എത്ര ദൂരം സഞ്ചരിക്കാൻ ശേഷിയുണ്ട്, എത്ര പഴക്കമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ബാലിസ്റ്റിക് വിദഗ്ധർ പരിശോധിക്കുക.

വിദഗ്ധ പരിശോധന ആവശ്യപെട്ട് കോസ്റ്റൽ പൊലീസ് ഇന്നലെ സിറ്റി പൊലീസ് കമ്മീഷണർക്ക് കത്തു നൽകിയിരുന്നു. നേവി ഉപയോഗിക്കുന്ന തോക്കുകളും അന്വേഷണ സംഘം പരിശോധിക്കും. അതേസമയം വെടിവെപ്പ് നേവി ഉദ്യോഗസ്ഥർ നിഷേധിച്ചിട്ടുണ്ട്. സൈനികർ ഉപയോഗിക്കുന്ന വിധത്തിലുളള ബുളളറ്റല്ല ഇതെന്നാണ് കൊച്ചി നാവിക കമാൻഡ് പറയുന്നത്.

ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യന് കഴിഞ്ഞ ബുധനാഴ്ച്ചയാണ് മത്സ്യബന്ധനത്തിനിടെ കടലിൽ വച്ച് വെടിയേറ്റത്. മീൻപിടുത്തം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് ആണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കടലിൽവെച്ച് വെടിയേറ്റത്. പിന്നിലേക്ക് മറിഞ്ഞവീണ സെബാസ്റ്റ്യൻറെ ചെവിയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്നു തന്നെ വെടിയുണ്ടയും കണ്ടെടുത്തത്.

Top