യഥാർത്ഥ ന്യൂനപക്ഷ സംരക്ഷകർ ആര് ? മമതയെ ഔട്ടാക്കി മാസായി പിണറായി !

പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ നായകസ്ഥാനം കരസ്ഥമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ മുന്‍നിരയിലുണ്ടായിരുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പിന്തള്ളിയാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

രാജ്യത്താദ്യമായാണ് ഒരു നിയമസഭ, പാര്‍ലമെന്റ് അവതരിപ്പിച്ച നിയമത്തെ തള്ളിക്കളഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി പിണറായിയുടെ ആ ചങ്കുറപ്പാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്നത്.

കേന്ദ്ര നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിന് കേന്ദ്രം ഇനി ശുപാര്‍ശ ചെയ്താലും ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ ശക്തമായി തിരിച്ചുവരാന്‍ ഇടതുപക്ഷത്തിന് കഴിയും. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അത് പോകട്ടെയെന്ന് കരുതി തന്നെയാണ് ഈ സാഹസത്തിന് പിണറായി സര്‍ക്കാരിപ്പോള്‍ തുനിഞ്ഞിരിക്കുന്നത്.

കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെയുണ്ടായ പ്രതിഷേധവും സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രത്തിന്റെ കണ്ണിലെ കരടാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ കടുത്ത നിലപാടിലേയ്ക്ക് കടക്കുമെന്ന
ആശങ്ക ഉദ്യോഗസ്ഥരിലും ശക്തമാണ്. എന്നാല്‍ ഗവര്‍ണക്കെതിരെ വിമര്‍ശനം കടുപ്പിച്ചും പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം കടുപ്പിച്ചും സര്‍ക്കാരിനെ പിരിച്ചു വിടുന്നതിനെ സ്വാഗതം ചെയ്യുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പിന്തുണയോടെ ഭരണത്തില്‍ സിപിഎമ്മിന് രണ്ടാമൂഴം ഉറപ്പാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടികാട്ടുന്നത്.

പൗരത്വനിയമം നടപ്പാക്കില്ലെന്നു ആദ്യം പ്രഖ്യാപിച്ചത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങുമായിരുന്നു. ഇതോടെയാണ് പിണറായിയും അര്‍ത്ഥശങ്കക്കിടനല്‍കാതെ, പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന പ്രഖ്യാപനം നടത്തിയിരുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി പൗരത്വനിയമത്തിനെതിരെ പ്രതിപക്ഷത്തെയും പിണറായി ഒപ്പം കൂട്ടിയിരുന്നു. സംയുക്ത സമരത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാടെടുത്തേപ്പോള്‍ മുസ്‌ലിം ലീഗ് പിണറായിയെ പിന്തുണക്കുകയാണ് ചെയ്തിരുന്നത്. യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ ലീഗിന്റെ മനംമാറ്റം ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

sadasivam

sadasivam

രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ നേരത്തെ പിണറായി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ആര്‍.എസ്.എസ് നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും അന്നത്തെ ഗവര്‍ണര്‍ മുന്‍ സുപ്രീം കോടതി ചീഫ്
ജസ്റ്റിസായിരുന്ന ജസ്റ്റിസ് പി .സദാശിവവും ഇതിനെ അനുകൂലിച്ചിരുന്നില്ല.

സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള റിപ്പോര്‍ട്ട് കേന്ദ്രത്തിനു നല്‍കാഞ്ഞതില്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വവും സദാശിവത്തിനെതിരായിരുന്നു. ഒടുവില്‍ സദാശിവം പോയി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെത്തിയതോടെയാണ് ഗവര്‍ണറുടെ ഓഫീസ് സംഘപരിവാറിന് അനുകൂലമായിരുന്നത്. സര്‍വകലാശാല വൈസ്
ചാന്‍സിലര്‍ നിയമനങ്ങളിലും സിന്‍ഡിക്കറ്റ് നിയമനങ്ങളിലുമെല്ലാം ഗവര്‍ണര്‍ സര്‍ക്കാരിനെതിരെയാണ് നിലപാട് സ്വീകരിച്ചിരുന്നത്.

കേന്ദ്ര താല്‍പര്യവും ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പര്യവും സംരക്ഷിക്കുന്ന ശക്തമായ നിലപാടാണ് പുതിയ ഗവര്‍ണര്‍ക്കുള്ളത്. സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയും ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിച്ചു വരുത്തിയും ഗവര്‍ണര്‍ സര്‍ക്കാരിന് നിരന്തരം തലവേദന സൃഷ്ടിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രക്ഷോഭം ശക്തിപ്പെട്ടതോടെ ഗവര്‍ണറെ പ്രകോപിപ്പിക്കുന്ന നിലപാടാണ് ഇടതുപക്ഷ സംഘടനകളും സ്വീകരിച്ചിരിക്കുന്നത്. ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിച്ചും ജനുവരി 26ന് മനുഷ്യചങ്ങല പ്രഖ്യാപിച്ചും സമരങ്ങളുടെ മുന്‍പന്തിയിലാണ് സി.പി.എമ്മുള്ളത്.

അപകടം മണത്ത യു.ഡി.എഫ്, റാലികള്‍ പ്രഖ്യാപിച്ചും രംഗത്തെത്തിയിട്ടുണ്ട്. ശബരിമല വിവാദത്തില്‍ ഹിന്ദു ഏകീകരണമുണ്ടായപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റിന്റെ നാണംകെട്ട പരാജയമാണ് ഇടതുമുന്നണിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. എന്നാല്‍ പൗരത്വ നിയമത്തില്‍ മുസ്‌ലീം ഏകീകരണമുണ്ടായാല്‍ ന്യൂനപക്ഷ ഏകീകരണത്തോടെ നിയമസഭയില്‍ വലിയ ഭൂരിപക്ഷം നേടാന്‍ ഇടത് പക്ഷത്തിന് കഴിയും.

മുസ്‌ലിം ലീഗും, കാന്തപുരം എ.പി സുന്നി വിഭാഗവും, ലീഗ് അനുകൂല സമസ്തയും, മുജാഹിദ് വിഭാഗങ്ങളുമെല്ലാം പിണറായിയുടെ നിലപാടിനൊപ്പമാണുള്ളത്. ജമാഅത്തെ ഇസ്‌ലാമിയെയും പോപുലര്‍ ഫ്രണ്ടിനെയും തള്ളിപ്പറഞ്ഞ് ഭൂരിപക്ഷ മുസ്‌ലിം സാമുദായിക സംഘടനകളുടെ പിന്തുണയും സര്‍ക്കാര്‍ ഉറപ്പിച്ചിട്ടുണ്ട്. ഒപ്പം മതേതര നിലപാടുള്ള ഹിന്ദു സമൂഹത്തിന്റെ പിന്തുണയും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

കൂടെയുള്ള അണികളും കൈവിട്ടുപോകുമോ എന്ന ആശങ്കയില്‍ പിണറായിയെ എതിര്‍ക്കാനാവാത്ത അവസ്ഥയിലാണിപ്പോള്‍ ലീഗ് നേതൃത്വം. ലീഗില്‍ ദേശീയ ട്രഷര്‍ പി.വി അബ്ദുല്‍വഹാബ് എം.പി അടക്കമുള്ളവര്‍ പൗരത്വനിയമത്തില്‍ പിണറായിയുടെ നേതൃത്വത്തില്‍ സമരം മതിയെന്ന ഉറച്ച നിലപാടിലാണ്. ലീഗിനെ പിന്തുണയ്ക്കുന്ന സമസ്ത സുന്നി വിഭാഗത്തിനും ഇതേ നിലപാടാണുള്ളത്.

സര്‍ക്കാരുമായി യോജിച്ചുള്ള സമരം വേണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് ലീഗ് നേതൃത്വം പരസ്യമായി തന്നെ തള്ളിയത് ഈ സമ്മര്‍ദ്ദം കാരണമാണ്. ലീഗും അനുകൂല നിലപാടെടുത്തതോടെ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ ഇനി വിട്ടുവീഴ്ച വേെണ്ടന്ന നിലപാടിലാണ് സി.പി.എം നേതൃത്വമുള്ളത്.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുണ്ടായ ഹിന്ദു വികാരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം സമ്മാനിച്ച മാതൃകയില്‍, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം പിണറായിക്ക് രണ്ടാമൂഴം നല്‍കുമോ എന്ന ആശങ്ക കോണ്‍ഗ്രസിലും ശക്തമാണ്. മുല്ലപ്പള്ളിയും മുരളീധരനുമടക്കമുള്ള നേതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുമുണ്ട്. ചെന്നിത്തലയ്‌ക്കെതിരെയാണ് ഈ നേതാക്കളുടെ ഒളിയമ്പ്.

youth congress

youth congress

നിലവില്‍ കെ.പി.സി.സി പുനസംഘടന പോലും നടപ്പാക്കാനാവാതെ പ്രതിസന്ധിയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. യൂത്ത് കോണ്‍ഗ്രസിന് ജില്ലാ, സംസ്ഥാന കമ്മറ്റികള്‍പോലും നിലവിലില്ല. യൂത്ത് കോണ്‍ഗ്രസിന്റെ പുനസംഘടനയും അനിശ്ചിതത്വത്തിലാണ്. ഭാരവാഹികളെ കെണ്ടത്താന്‍ സംഘടനാ തെരഞ്ഞെടുപ്പോ നോമിനേഷനോ എന്ന കാര്യത്തില്‍ പോലും ധാരണയായിട്ടില്ല. പിണറായി സര്‍ക്കാരിനെതിരെ ശക്തമായ ഒരു സമരം പോലും നടത്താന്‍ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല പരാജയമാണെന്ന വികാരം ഘടകകക്ഷികള്‍ക്കുമുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാവട്ടെ കേരള രാഷ്ട്രീയത്തില്‍ സജീവവുമല്ല.

2016ല്‍ വി.എസ് അച്യുതാനന്ദനെയും പിണറായിയേയും മുന്‍നിര്‍ത്തി നടത്തിയ പ്രചരണത്തിലാണ് ഇടതുമുന്നണിക്ക് ഭരണം ലഭിച്ചിരുന്നത്. കര്‍ക്കശക്കാരനായ രാഷ്ട്രീയ നേതാവെന്ന പ്രതിഛായയില്‍ നിന്നും ആര്‍.എസ്.എസിനെതിരെ പൊരുതുന്ന ന്യൂനപക്ഷ സംരക്ഷകനായ മുഖ്യമന്ത്രിയെന്ന പ്രതിഛായയിലേക്കാണ് ഇപ്പോള്‍ പിണറായി ഉയര്‍ന്നിരിക്കുന്നത്. ഈ പ്രതിഛായ മാറ്റം കേരളത്തില്‍ വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലില്‍ തന്നെയാണ് സി.പി.എം മുന്നോട്ട് പോകുന്നത്.

ഇതിനെ പ്രതിരോധിക്കാന്‍ പോലുമാകാത്ത അങ്കലാപ്പിലാണിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പൗരത്വ നിയമപ്രക്ഷോഭത്തില്‍ രണ്ട് ചേരിയില്‍ നില്‍ക്കുമ്പോള്‍ നേട്ടം പിണറായിക്കും സി.പി.എമ്മിനും തന്നെയാണ്. 2020തില്‍ പഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ്പും 21ല്‍ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പൗരത്വ നിയമത്തിന്റെ തന്ത്രം വിജയിച്ചാല്‍ അത് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാന്‍ എളുപ്പത്തില്‍ സിപിഎമ്മിന് കഴിയും.

Political Reporter

Top