എന്‍റെ ജീവന്‍ എന്‍റെ പാര്‍ട്ടിയാണെന്ന് ടി എന്‍ പ്രതാപന്‍. എന്നെപ്പോലെ നിസാരനായ ഒരാളെ നേതാവാക്കിയത് കോണ്‍ഗ്രസാണെന്നും പാര്‍ട്ടി എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവാണ് കെ മുരളീധരനെന്നും തൃശ്ശൂരില്‍ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകുമെന്നും പ്രതാപന്‍ വ്യക്തമാക്കി. തൃശ്ശൂരില്‍ ഓപ്പറേഷന്‍ താമര വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂരിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി കെ.മുരളീധരൻ എത്തിയതോടെ ടി എൻ പ്രതാപന് വേണ്ടി എഴുതിയ ചുമരെഴുത്തുകളെല്ലാം മായ്ക്കണം എന്നാണ് സ്ഥിതിയാണ്. മൂന്നര ലക്ഷം പോസ്റ്ററുകളാണ്, പ്രതാപനായി മണ്ഡലത്തിൽ തയ്യാറാക്കിയത്. ബൂത്തുകളിൽ തുകയും വിതരണം ചെയ്തിരുന്നു. അതേസമയം, പത്മജ വേണുഗോപാല്‍ ബിജെപിയിൽ ചേർന്നതിന്‍റെ നടക്കത്തിലും അങ്കലാപ്പിലുമാണ് തൃശൂരിലെ കോണ്‍ഗ്രസ് നേതൃത്വവും അണികളും. അതിലേറെ ഇന്നലെ വരെ തൃശൂരിലെ കോൺഗ്രസുകാരുടെ വൈകാരിയ ഇടങ്ങളിലൊന്നായ പൂങ്കുന്നത്തെ മുരളീ മന്ദിരവും കരുണാകരന്‍റെ ശവകുടീരവും ഒരു ബിജെപി നേതാവിന്‍റെ വീടായി മാറുന്നതിന്‍റെ ഹൃദയ വേദയും കോണ്‍ഗ്രസുകാര്‍ക്ക് ചെറുതല്ല.