റവന്യൂ വകുപ്പിന്റെ ഉത്തരവ് മുന്‍ നിര്‍ത്തി സംസ്ഥാന വ്യാപകമായി പട്ടയഭുമികളില്‍ നിന്നും മരങ്ങള്‍ മുറിച്ച് കടത്തിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ചില ബുദ്ധി കേന്ദ്രങ്ങളും ഉണ്ടായിരിക്കും. അക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടാവേണ്ടതില്ല. അത്തരം കുലംകുത്തികളെ കണ്ടെത്തിയെങ്കില്‍ മാത്രമേ മരം കള്ളക്കടത്തിനു പിന്നിലെ യഥാര്‍ത്ഥ താല്‍പ്പര്യങ്ങളും വ്യക്തമാവുകയൊള്ളു. ”സൂചി കുത്താന്‍ ഇടം കൊടുത്താല്‍ തൂമ്പ കയറ്റുന്നവര്‍ ഏറെയുള്ള നാടാണിത്. അതു മനസ്സിലാക്കുന്നതിന് റവന്യൂ വകുപ്പിനും വനം വകുപ്പിനും വീഴ്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതും തുറന്നു പറയുകയാണ് വേണ്ടത്. ഈ വീഴ്ച മനപൂര്‍വ്വമാണെങ്കില്‍ പ്രത്യാഘാതവും ഗുരുതരമായിരിക്കും.
കര്‍ഷക താല്‍പര്യം മുന്‍ നിര്‍ത്തിയാണ് മരം മുറിയ്ക്കാന്‍ അനുമതി നല്‍കിയതെന്നാണ് മുന്‍ റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ വാദിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് നിലവില്‍ ഉയര്‍ന്നിരിക്കുന്നത്. ഇതു സംബന്ധമായി നടക്കുന്ന ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിട്ടുണ്ട്. മരം മുറിക്കാനുള്ള വിവാദ ഉത്തരവ് എന്നുള്ളതിനെ മാധ്യമങ്ങളുടെ പരാമര്‍ശമായാണ് ചന്ദ്രശേഖരന്‍ വിലയിരുത്തുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് ഇതൊക്കെ ഇപ്പോഴും നേരായ ഉത്തരവ് മാത്രമാണ്. വ്യത്യസ്ഥങ്ങളായ പ്രദേശങ്ങളിലെ കര്‍ഷകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, കര്‍ഷക സംഘടനകള്‍, എന്നിവരുടെ നിരന്തരമായ ആവശ്യപ്രകാരമാണ് മരം മുറിക്കാനുള്ള ഉത്തരവ് ഇറക്കിയതെന്നാണ് മുന്‍ റവന്യൂ മന്ത്രി പറയുന്നത്.
മുന്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ നിയമ പ്രകാരമായിരുന്നു പുതിയ ഉത്തരവെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തകരെ പോലും അമ്പരപ്പിക്കുന്ന വാദമാണിത്. യു.ഡി.എഫ് സര്‍ക്കാറിന്റെ നയം തുടരാനല്ല ചന്ദ്രശേഖരനെ ഇടതുപക്ഷം റവന്യൂ മന്ത്രിയാക്കിയിരുന്നത്. ഇക്കാര്യം അദ്ദേഹം മറന്നു പോകരുത്. 1964ലെ ഭൂപതിവ് ചട്ടം അനുസരിച്ച് ഭൂമി പതിച്ചുനല്‍കിയ ഇടത്ത് കര്‍ഷകന്‍ വച്ചതോ കിളിര്‍ത്തുവന്നതോ ആയ മരങ്ങള്‍ മുറിക്കാന്‍ മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്നാണ് ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടുന്നത്. എല്ലാ പട്ടയ ഭൂമിയില്‍ നിന്നും മരം മുറിക്കാന്‍ ഈ ഉത്തരവില്‍ അനുവാദമില്ലന്നും അദ്ദേഹം മാതൃഭൂമിക്കു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്.
എന്നാല്‍ ഈ ഉത്തരവ് തന്നെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണുണ്ടായത്. പ്രസ്തുത ഉത്തരവിന്റെ മറവില്‍ മറ്റിടങ്ങളില്‍ നിന്നുള്‍പ്പടെ മരം മുറിക്കുന്നു എന്ന ആക്ഷേപവും നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നതെന്നാണ് മുന്‍ റവന്യൂ മന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ ഉത്തരവ് റദ്ദാക്കാന്‍ മന്ത്രി നിര്‍ബന്ധിക്കപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. നിയമം ദുരൂപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നിയമസഭയില്‍ റവന്യൂ, വനം മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്ന കാര്യവും ചന്ദ്രശേഖരന്‍ അഭിമുഖത്തില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഇതും ‘കണ്ണില്‍ പൊടിയിടല്‍’ തന്ത്രത്തിന്റെ ഭാഗമാണ്.
വീഴ്ച പറ്റിയത് തുറന്ന് സമ്മതിക്കാനുള്ള മനസ്സാണ് ആദ്യം ചന്ദ്രശേഖരന്‍ കാണിക്കേണ്ടത് മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട് മുന്‍ റവന്യൂ മന്ത്രിയെ പ്രതിരോധത്തിലാക്കുന്നതാണ് മുന്‍ വനംവകുപ്പ് മന്ത്രി കെ രാജുവിന്റെയും പുതിയ വെളിപ്പെടുത്തല്‍. വിവാദമായ അനുമതി ഉത്തരവ് റവന്യൂ വകുപ്പ് ഇറക്കിയിരുന്നത് വനം വകുപ്പിന്റെ എതിര്‍പ്പിനെ മറികടന്നുകൊണ്ടാണെന്ന് തെളിയിക്കുന്ന പരാമര്‍ശങ്ങളുമായാണ് കെ രാജു ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഉത്തരവിറക്കുന്നതിന് മുന്‍പ് തന്നെ വനംവകുപ്പ് റവന്യൂ വകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും മുന്‍ വനം മന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
റവന്യൂ ഭൂമിയിലെ തടിക്ക് പാസ് നല്‍കാന്‍ മാത്രമേ നിലവില്‍ വനംവകുപ്പിന് അധികാരമുള്ളൂ. പ്രതികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചിരുന്നുവെന്ന് പരാതി ലഭിച്ചിരുന്നതായും രാജു വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം ട്വന്റിഫോര്‍ ന്യൂസിനോട് പ്രതികരിച്ചിട്ടുണ്ട്. മുതിര്‍ന്ന സി.പി.ഐ നേതാക്കളായ രണ്ട് മുന്‍ മന്ത്രിമാരാണ് ഇങ്ങനെ വ്യത്യസ്തമായ വാദങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിനെല്ലാം മറുപടി നല്‍കേണ്ട ഗതികേട് വന്നിരിക്കുന്നതാകട്ടെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമാണ്. ഘടക കക്ഷി മന്ത്രിമാരുടെ വകുപ്പുകളില്‍ ഇന്റലിജന്‍സ് നിരീക്ഷണം ശക്തമാക്കേണ്ടതിന്റെ അനിവാര്യത കൂടിയാണ് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നത്.
മരം കള്ളക്കടത്തുമായി ബന്ധപ്പെട്ട് ലഭ്യമായ മുഴുവന്‍ വിവരങ്ങളും ഇതിനകം തന്നെ സംസ്ഥാന ഇന്റലിജന്‍സ് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും വയനാട്ടിലെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫിനു പുറമെ ബി.ജെ.പി കൂടി വിഷയം ഏറ്റെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംസ്ഥാന സര്‍ക്കാറിന് കുരുക്കാകുമെന്നാണ് പ്രതിപക്ഷം കണക്കു കൂട്ടുന്നത്. കുഴല്‍പ്പണ ഇടപാട് വിവാദങ്ങള്‍ മറച്ചു പിടിക്കാന്‍ മരം കള്ളക്കടത്തിനെ ആയുധമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. യു.ഡി.എഫ് ശക്തരാണ് എന്ന് ബോധ്യപ്പെടുത്താനാണ് കോണ്‍ഗ്രസ്സിന്റെയും ശ്രമം. ഇതിനു വേണ്ടി കെ.സുധാകരനും വി.ഡി സതീശനും ശക്തമായി തന്നെ രംഗത്തുണ്ട്.
ഒന്നാം പിണറായി സര്‍ക്കാരിലെ വനം മന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും അറിവോടെയല്ലാതെ ഇത്രയും വലിയ കൊളള നടക്കില്ലെന്നാണ് പ്രതിപക്ഷ നേതാക്കളെല്ലാം തുറന്നടിക്കുന്നത്. കേന്ദ്ര സഹമന്ത്രി വി മുരളീധരനും സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തുണ്ട്. ആരോപണ വിധേയനായ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി സാജന്‍ വനം മന്ത്രി എ.കെ ശശീന്ദ്രനെ സന്ദര്‍ശിച്ചത് കേസ് തേച്ചു മായിച്ച് കളയനാണന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തി കഴിഞ്ഞു. എന്നാല്‍ ഈ ആരോപണം മന്ത്രി തന്നെ ഇപ്പോള്‍ നിഷേധിച്ചിട്ടുണ്ട്. ആരൊക്കെ എന്തൊക്കെ നിഷേധിച്ചാലും പഴുതടച്ച അന്വേഷണമാണ് സര്‍ക്കാര്‍ നടത്തേണ്ടത്. കുറ്റവാളി എത്ര ഉന്നതനായാലും നടപടി അനിവാര്യമാണ്. അത് ഈ നാടിന്റെ ആവശ്യവുമാണ്.
പ്രകൃതിയെ കൊല്ലുന്നവര്‍ നാടിന്റെ നാശത്തിനാണ് വഴി തുറക്കുന്നത്. പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിന്റെ സമനില തന്നെ തെറ്റിച്ച കാലഘട്ടമാണിത്. മര സംരക്ഷണത്തിന്റെ അനിവാര്യത കൊച്ചു കുട്ടികള്‍ക്കു പോലും ബോധ്യമുള്ള കാര്യമാണ്. ഈ ബോധ്യം, ഏതെങ്കിലും മുന്‍ മന്ത്രിമാര്‍ക്ക് ഉണ്ടായിട്ടില്ലങ്കില്‍ അതിനു പിന്നിലെ കാരണങ്ങളും അന്വേഷിക്കപ്പെടേണ്ടത് തന്നെയാണ്. വിവാദ ഉത്തരവിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് അറിയിച്ചിട്ടും ഭരണതലത്തില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിട്ടുണ്ടെന്ന വാര്‍ത്തകളും ഞെട്ടിക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഉത്തരവ് തിരുത്താന്‍ നാലുമാസം എടുത്തതും സംശയകരമാണ്. കോടികളുടെ മരം കൊള്ളയാണ് നാട്ടില്‍ നടന്നിരിക്കുന്നത്. കൊള്ള നടത്തിയവര്‍ മാത്രമല്ല അതിനു കൂട്ട് നിന്നവരും ശിക്ഷിക്കപ്പെടുക തന്നെ വേണം.