അങ്ങനെ ഒടുവിൽ കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 10-നാണ് കർണ്ണാടകയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ്-13ന് വോട്ടെണ്ണൽ നടക്കും. കോൺഗ്രസ്സിനെ സംബന്ധിച്ച് ജീവൻ മരണ പോരാട്ടമാണിത്. രാജ്യത്ത് തന്നെ കോൺഗ്രസ്സ് ഏറ്റവും അധികം പ്രതീക്ഷ വച്ചുപുലർത്തുന്ന സംസ്ഥാനമാണ് കർണ്ണാടക. രാഹുൽ ഗാന്ധി അസാധുവാക്കപ്പെട്ട സാഹചര്യത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയം അല്ലാതെ മറ്റൊന്നും തന്നെ കോൺഗ്രസ്സ് നേതൃത്വം ആഗ്രഹിക്കുന്നില്ല. അഴിമതിയും ഭരണവിരുദ്ധ വികാരവുമാണ് ബി.ജെ.പി സർക്കാറിനെതിരായ കോൺഗ്രസ്സിന്റെ തുറുപ്പ് ചീട്ട്. ബി.ജെ.പിക്കെതിരായ ജാതി സംഘടനകളുടെ നീക്കവും പ്രതീക്ഷയോടെയാണ് കോൺഗ്രസ്സ് നേതൃത്വം കാണുന്നത്. രാജ്യത്തെ കോൺഗ്രസ്സിന്റെ സകല നേതാക്കളെയും കർണ്ണാടകയിൽ പ്രചരണ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കേരളത്തിൽ നിന്നുള്ള നേതാക്കൾക്കും പ്രത്യേക ചുമതലകൾ എ.ഐ.സി.സി നിശ്ചയിച്ചിട്ടുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപ് മുസ്ലിം ന്യൂനപക്ഷത്തിന് ലഭിച്ചിരുന്ന 4% സംവരണം റദ്ദാക്കിയ കർണാടക സർക്കാർ നടപടി വോട്ടാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമം. മുസ്ലീം ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസ്സിൽ കേന്ദ്രീകരിക്കുമ്പോൾ ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ഏകീകരണമാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ള മുസ്ലിം സംവരണമാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്. ഇതോടെ, സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിങ്ങൾക്ക് മാത്രമേ ഇനി സംവരണം ലഭിക്കുകയൊള്ളൂ. സംവരണ ക്വാട്ടയിൽ മറ്റ് വിഭാഗങ്ങൾക്കൊപ്പം മാത്രമാണ് ഈ വിഭാഗത്തിനും സംവരണം നൽകുക.
മുസ്ലിം വിഭാഗത്തിന്റെ 4% ശതമാനം സംവരണം 2% വീതം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്കാണ് വീതിച്ച് നൽകിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ, ബസനഗൗഡ പാട്ടീൽ യത്നാൽ ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ മുസ്ലിം സംവരണം എടുത്ത് കളയണം എന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനവും ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ വിവിധ മുസ്ലീം സംഘടനകളും കോൺഗ്രസ്സുമെല്ലാം ശക്തമായാണ് രംഗത്തു വന്നിരിക്കുന്നത്. തങ്ങൾ അധികാരത്തിൽ വന്നാൽ, സർക്കാർ തീരുമാനം റദ്ദാക്കി സംവരണം പുനസ്ഥാപിക്കുമെന്നാണ് കോൺഗ്രസ്സ് നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രധാന വിഷയമായി ഈ സംവരണ വിഷയം മാറിയിരിക്കുകയാണ്.
ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി 118 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 72 സീറ്റും ജെഡിഎസിന് 32 സീറ്റുകളുമാണ് ലഭിച്ചിരുന്നത്. കേവല ഭൂരിപക്ഷമില്ലാതെ അധികാരത്തിൽ വന്ന യെദ്യൂരപ്പ സർക്കാർ വിധാൻ സൗധയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ അഞ്ചുമാസത്തിൽ തന്നെ രാജിവയ്ക്കുകയാണ് ഉണ്ടായത്. തുടർന്ന് അധികാരത്തിൽ വന്ന ജെ.ഡി.എസ് – കോൺഗ്രസ്സ് സർക്കാർ 14 മാസത്തെ ഭരണത്തോടെ തന്നെ അടിച്ചു പിരിയുകയാണ് ഉണ്ടായത്. തുടർന്ന് ഭരണപക്ഷത്തെ പിളർത്തി കേവല ഭൂരിപക്ഷം നേടിയ യെദ്യൂരപ്പ സർക്കാർ വീണ്ടും അധികാരത്തിൽ വരുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. കൂറുമാറി വന്ന എം.എൽ.എമാർക്ക് സീറ്റുകൾ നൽകി അവരെ വിജയിപ്പിച്ചാണ് ,ബി.ജെ.പി കർണ്ണാടകയിലെ ഭരണം നിലനിർത്തിപ്പോന്നിരുന്നത്. ഈ പക കൂടി മനസ്സിൽ വച്ചാണ് കർണ്ണാടക ഭരണം പിടിക്കാൻ കോൺഗ്രസ്സും കളത്തിൽ ഇറങ്ങിയിരിക്കുന്നത്.
കെ.പി.സി.സി അദ്ധ്യക്ഷൻ ഡി.കെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് കർണ്ണാടകയിലെ കോൺഗ്രസ്സിന്റെ പ്രധാനമുഖം. ഭിന്നത മറന്ന് ഇപ്പോൾ ഇരുവരും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം എന്താകും സ്ഥിതിയെന്നത് കണ്ട് തന്നെ അറിയേണ്ട കാര്യമാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കർണ്ണാടകയിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലങ്കിൽ ജെ.ഡി.എസ് നിലപാടായിരിക്കും നിർണ്ണായകമാവുക. അത്തരമൊരു സാഹചര്യത്തിൽ ജെ.ഡി.എസ് നേതാവ് എച്ച്.ഡ കുമാര സ്വാമി ബി.ജെ.പി. പാളയത്തിൽ എത്താനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. ജാതിസമുദായ സമവാക്യങ്ങൾ നിർണായകമായ സംസ്ഥാനത്ത് കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നതെന്ന കാര്യത്തിൽ ജനങ്ങൾക്കും സംശയമില്ല.
ആകെയുള്ള 224 – സീറ്റുകളിൽ, 150 സീറ്റുകൾ നേടുമെന്നാണ് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. കോൺഗ്രസ്സും കേവല ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് കോൺഗ്രസ്സിന്റെ താര പ്രചാരകർ. ബി.ജെ.പിയുടെ പ്രചരണം നയിക്കാൻ സാക്ഷാൽ നരേന്ദമോദി തന്നെ വീണ്ടുമെത്തും. അമിത് ഷാ അടക്കമുള്ള സകല കേന്ദ്ര മന്ത്രിമാരും കർണ്ണാടകയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ ഭരണമുള്ള ഏക സംസ്ഥാനം കൈവിടാതിരിക്കാൻ ഏതറ്റം വരെയും പോകണമെന്നതാണ് ബി.ജെ.പിക്ക് ആർ.എസ്.എസ് നൽകിയിരിക്കുന്ന നിർദ്ദേശം.
കർണ്ണാടക കൈവിട്ടാൽ അത് ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന്റെ തിരിച്ചു വരവിനുള്ള പ്രതീക്ഷക്ക് കരുത്ത് പകരുമെന്നാണ് സംഘ്പരിവാർ നേതൃത്വം ഭയക്കുന്നത്. ഇതു പോലുള്ള ഉൾഭയം കോൺഗ്രസ്സ് നേതൃത്വത്തിനുമുണ്ട്. പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള കർണ്ണാടകയിൽ ജയിക്കാൻ കഴിഞ്ഞില്ലങ്കിൽ, ദേശീയ തലത്തിൽ കൂടുതൽ ദുർബലപ്പെടുമെന്നാണ് നേതൃത്വം ആശങ്കപ്പെടുന്നത്. മാത്രമല്ല കർണ്ണാടകയിൽ കൂടി തിരിച്ചടി നേരിട്ടാൽ രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ ലഭിച്ച അനുകൂല രാഷ്ട്രീയ സാഹചര്യവും, ഒറ്റയടിക്ക് തകർന്ന് തരിപ്പണമായിപ്പോകുമെന്നും കോൺഗ്രസ്സ് നേതൃത്വം ഭയക്കുന്നുണ്ട്.
കാര്യങ്ങൾ എന്തു തന്നെയായാലും ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ് കർണ്ണാടകയിൽ ഇപ്പോൾ തിരിതെളിഞ്ഞിരിക്കുന്നത്. ജനവിധി പുറത്ത് വരുന്നതോടെ അത് ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും വളരെ വലുതായിരിക്കും. അക്കാര്യവും… ഉറപ്പാണ് . . .
EXPRESS KERALA VIEW