നിയമനങ്ങളില്‍ സംസ്ഥാനങ്ങള്‍ സംവരണം പാലിക്കേണ്ടെന്നും, പ്രൊമോഷനില്‍ സംവരണം അവകാശപ്പെടുന്നത് അടിസ്ഥാന അവകാശമല്ലെന്നുമുള്ള സുപ്രീംകോടതിയുടെ വിധിയില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്ന് കേന്ദ്രമന്ത്രി താവര്‍ ചന്ദ് ഖെലോട്ട്. മന്ത്രിയുടെ പ്രസ്താവന പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായി.
‘കേസില്‍ കേന്ദ്രം കക്ഷിയായിരുന്നില്ല, എന്തെങ്കിലും സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടിട്ടില്ല. 2012ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് കേസിന് ആധാരം. ഈ സമയത്ത് കോണ്‍ഗ്രസ് ഗവണ്‍മെന്റാണ് സംസ്ഥാനം ഭരിച്ചത്. ഞങ്ങളുടെ സര്‍ക്കാര്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. വിഷയത്തില്‍ ഭാവി നടപടികള്‍ സ്വീകരിക്കാന്‍ ഉന്നത തല ചര്‍ച്ചകള്‍ നടത്തും’, ഘെലോട്ട് ലോക്‌സഭയെ അറിയിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവരാന്‍ കേന്ദ്രം ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചതിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഖെലോട്ടിന്റെ പ്രസ്താവനയില്‍ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും, വാക്ഔട്ട് നടത്തുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് ശൂന്യവേളയില്‍ വിഷയം ഉന്നയിച്ചത്.
‘2012ല്‍ ഉത്തരാഖണ്ഡില്‍ ആരുടെ സര്‍ക്കാരായിരുന്നു? കോണ്‍ഗ്രസിന്റെ സര്‍ക്കാരായിരുന്നു. സര്‍ക്കാരിന് ഇതില്‍ ഒരു പങ്കുമില്ല’, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഗുരുതരമായ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കൂട്ടിച്ചേര്‍ത്തു.