കേന്ദ്രസര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി വാട്‌സ്ആപ്പ്

ഡിജിറ്റല്‍ നിയമങ്ങള്‍ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി വാട്‌സ്ആപ്പ്. സമൂഹമാദ്ധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ നിയമങ്ങൾക്ക് എതിരായാണ് വാട്‌സ്ആപ്പ് രംഗത്ത് വന്നിരിക്കുന്നത്. പുതിയ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ വാട്‌സ്ആപ്പ് ഹര്‍ജി ഫയല്‍ ചെയ്തു. ഭരണഘടന ഉപയോക്താക്കള്‍ക്ക് ഉറപ്പു നല്‍കുന്ന സ്വകാര്യതാ അവകാശങ്ങളെ ലംഘിക്കുന്നതാണ് പുതിയ ചട്ടങ്ങളെന്ന് ഇവര്‍ ഹര്‍ജിയില്‍ പറയുന്നു.

2017ലെ ജസ്റ്റിസ് കെ എസ് പുട്ടസ്വാമി – യൂണിയന്‍ ഓഫ് ഇന്ത്യ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാട്സാപ് വഴി അയക്കുന്ന സന്ദേശങ്ങളുടെ പ്രഭവകേന്ദ്രം ഉള്‍പ്പെടെ പുറത്തുകൊണ്ടുവരാന്‍ ആവശ്യപ്പെടുന്നതാണ് പുതിയ നിയമമെന്നും അതു പ്രായോഗികമല്ലെന്നും ഫെയ്സ്ബുക് ഉടമസ്ഥതയിലുള്ള കമ്പനി പറയുന്നു. സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ ഈ നിയമം പാലിക്കാനാവില്ലെന്നും വാട്‌സ്ആപ്പ് പറയുന്നു.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ച് വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്രിയാത്മകമായ പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും കമ്പനി വ്യക്തമാക്കി. തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന നിയമപരമായ അപേക്ഷകളോട് അനുകൂലമായി പ്രതികരിക്കുമെന്നും വാട്സാപ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top