സൈന്യം മിന്നലാക്രമണം ആവശ്യപ്പെട്ടിട്ടും മൻമോഹന്‍സിംഗ് തയ്യാറായില്ല ; പ്രധാനമന്ത്രി

narendra-modi

ന്യൂഡൽഹി: കോൺഗ്രസ്സിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന് തിരിച്ചടി നൽകാൻ മിന്നലാക്രമണം നടത്താൻ സൈന്യം തയ്യാറായിട്ടും അന്ന്‌ പ്രധാനമന്ത്രിയായിരുന്ന മൻമോഹന്‍സിങ് ധൈര്യം കാണിച്ചില്ലെന്ന് നരേന്ദ്ര മോദി ആരോപിച്ചു.

രാജ്യത്തെ രക്തക്കളമാക്കിയ ഭീകരാക്രമണത്തിന് ശേഷം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താനായി വ്യോമസേന മന്‍മോഹന്‍ സിങിനെ സമീപിച്ചിരുന്നു, എന്നാല്‍ അതിനുള്ള അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ ധൈര്യം കാണിച്ചില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

രണ്ടാം ഘട്ട ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നവ്‌ലാഖിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

ആക്രമണം നടന്നയുടന്‍ വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ആശയവുമായി അന്നത്തെ പ്രധാനമന്ത്രിയെ സമീപിച്ചിരുന്നെന്നും, എന്നാൽ മൻമോഹന്‍ സർക്കാരിന് അത്തരത്തിൽ ഒരു തിരിച്ചടി നൽകാൻ ധൈര്യം കാണിച്ചില്ലെന്നും. ആരുടെ ഉപദേശം സ്വീകരിച്ചാണ് അവരങ്ങനെ ചെയ്തതെന്നും മോദി ചോദിച്ചു.

ഉറി സൈനിക ക്യാമ്പിനു നേരെ കഴിഞ്ഞ വര്‍ഷം ഉണ്ടായ ആക്രണത്തിന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി തിരിച്ചടിച്ച എന്‍ഡിഎ സര്‍ക്കാരിനെ പുകഴ്ത്തി സംസാരിക്കവെയാണ് മോദി ഇക്കാര്യം പരാമര്‍ശിച്ചത്.

‘ഉറി ആക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ എന്റെ സര്‍ക്കാര്‍ സര്‍ജിക്കല്‍ സട്രൈക്ക് നടത്തി. തീവ്രവാദ ക്യാമ്പുകളും ലോഞ്ച് പാഡുകളും ലക്ഷ്യം വെച്ചായിരുന്നു ഈ ആക്രമണം. ആളപായം ഇല്ലാതെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയത്. പക്ഷെ പാക്കിസ്ഥാന് കനത്ത പ്രഹരം ഏല്‍പിക്കാന്‍ നമുക്കായി. ഇതാണ് എന്‍ഡിഎ സര്‍ക്കാറും യുപിഎ സര്‍ക്കാറും തമ്മിലുള്ള പ്രകടമായ വ്യത്യാസം’ – മോദി പറഞ്ഞു.

അതേസമയം സര്‍ജിക്കല്‍ സട്രൈക്ക് സംബന്ധിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തെ നരേന്ദ്ര മോദി പ്രസംഗത്തിലൂടെ വിമര്‍ശിക്കുകയും ചെയ്തു.

രാജ്യത്തിൻറെ സുരക്ഷയെ സംബന്ധിക്കുന്ന രഹസ്യങ്ങൾ പരസ്യമായി പറയാന്‍ കഴിയുന്നതാണോ എന്നും മോദി ആരാഞ്ഞു.

Top