തിരുവനന്തപുരം: ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ഒട്ടേറെ സംഭവവികാസങ്ങളില്‍ വലിയ പങ്ക് വഹിക്കേണ്ട ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് ഫ്ളൈ ഓഫര്‍ കാണാന്‍ പോയതിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് ആര്‍ക്കും മനസിലാകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കേശവദാസപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിര്‍മിച്ച സിൽവർ ജൂബിലി ഹാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദേശകാര്യമന്ത്രി ഫ്ളൈ ഓവറിന് മുകളില്‍ നില്‍ക്കുന്ന ചിത്രം പത്രങ്ങളില്‍ കണ്ട് വല്ലാത്ത ആശ്ചര്യം തോന്നി. ലോകത്തെ പ്രധാന രാജ്യങ്ങളിലൊന്നാണ് നമ്മുടെ രാജ്യം. വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഇത്ര തിരക്കുള്ള ഘട്ടത്തില്‍ ഒരു പാലം കാണാന്‍ വന്നത് ചിലതിന്റെയെല്ലാം തുടക്കമാണ്. കേവലമൊരു ഫ്ളൈഓവര്‍ കാണലല്ല അത്. 18 മാസം കഴിഞ്ഞ് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണത്. കഴക്കൂട്ടം ഉള്‍പ്പെടുന്ന പാര്‍ലമെന്റ് മണ്ഡലം ജയ്ശങ്കറിനെ ഏല്‍പ്പിച്ചതിനെ തുടര്‍ന്നുള്ള സന്ദര്‍ശനമാണ്.
കേരള ദേശീയപാതാ വികസനം യാഥാര്‍ഥ്യമാക്കിയപ്പേള്‍ അതിന്റെ നേര്‍ അവകാശികളാകാന്‍ ചില പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് അവകാശവാദം. സംസ്ഥാനത്ത് 2016ന് മുമ്പ് ദേശീയപാത വികസനം വഴിമുട്ടി നില്‍ക്കുകയായിരുന്നു. അന്നത്തെ സര്‍ക്കാരിന് സര്‍വകക്ഷി യോഗത്തില്‍ പാത വികസനത്തിന് എല്ലാ പിന്തുണയും സിപിഐഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികളെല്ലാം നല്‍കിയിരുന്നു. പാര്‍ടി സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ ഞാനും പങ്കെടുത്ത് അന്ന് പിന്തുണ നല്‍കിയിട്ടും പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ അന്നത്തെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. 2016ന് ശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും പാതവികസനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ഗഡ്കരിയെ സമീപിച്ചപ്പോഴേക്കും അവര്‍ നിയമം മാറ്റി.
ഭൂമിക്ക് വിലക്കൂടുതലുള്ള കേരളത്തില്‍ ദേശീയപാത വികസിപ്പിക്കണമെങ്കില്‍ഭുമി വിലയുടെ 25 ശതമാനം കേരളം വഹിക്കണമെന്ന നിബന്ധന വന്നു. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത നിബന്ധന കേരളത്തിന് മേല്‍കെട്ടിവച്ചിട്ടും നാടിന്റെ വികസനത്തെ കരുതി ആ തുക വഹിക്കാമെന്ന് ഏറ്റു. ആ ഇനത്തില്‍മാത്രം സംസ്ഥാന സര്‍ക്കാര്‍ 5000 കോടിയിലേറെ ഇതുവരെ ദേശീയപാതയ്ക്ക് നല്‍കി. ദേശീയപാത അതോറിറ്റി പാതവികസന പദ്ധതി കൊണ്ടുവന്നപ്പോള്‍ അത് ഏറ്റെടുത്ത് നടപ്പാക്കിയിരുന്നെങ്കില്‍ ഈ തുക ചെലവഴിക്കേണ്ടിവരുമായിരുന്നില്ല. യഥാര്‍ഥത്തില്‍ ഈ അയ്യായിരം കോടിയിലേറെ രൂപ വികസനം യഥാസമയം നടപ്പാക്കാത്ത കെടുകാര്യസ്ഥതയുടെ ഭാഗമായി കൊടുക്കേണ്ടിവന്ന പിഴയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.