തിരുവനന്തപുരം: ജാതിവിവേചന വിവാദത്തില്‍ യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. മാസങ്ങള്‍ക്കുശേഷം അഭിപ്രായം പറഞ്ഞതില്‍ ഒരു ദുഷ്ടലാക്കുമില്ല. ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പര്‍ശിക്കില്ലെങ്കില്‍ പിന്നെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയത്. താന്‍ ആദ്യമായല്ല അമ്പലത്തില്‍ പോകുന്നത്. ക്ഷേത്രത്തിനകത്തല്ല, പുറത്തായിരുന്നു പരിപാടിഎന്നും മന്ത്രി പറഞ്ഞു.
പ്രസംഗം നടത്തിയ ദിവസം രാവിലെ 2 വാര്‍ത്തകള്‍ വായിച്ചു. ദളിത് വേട്ടയുടെ വാര്‍ത്തയായിരുന്നു അത്. അതിനു ശേഷം നടന്ന പരിപാടിയില്‍ അനുഭവം പറഞ്ഞു എന്നേയുള്ളൂ. കണ്ണൂരിലെ വേദിയില്‍ തന്നെ താന്‍ പ്രതികരിച്ചിരുന്നു. അന്ന് അത് ചര്‍ച്ച ആയില്ല. ചില സമയങ്ങളാണ് ചര്‍ച്ച ഉയര്‍ത്തി കൊണ്ടുവരുന്നത് എന്നും മന്ത്രി കെ രാധാകൃഷ്ണന്‍. നേരത്തെ മന്ത്രി കെ രാധാകൃഷ്ണനെതിരെ യോഗക്ഷേമസഭ രംഗത്തെത്തിയിരുന്നു.
ജാതി അധിക്ഷേപം നേരിട്ടുവന്ന മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം എന്ന് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശം ഏറെ ദുഃഖകരം. ജാതി വിവേചനം അല്ല, ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തില്‍ നടക്കുന്നതെന്നും അക്കീരമണ്‍. പഴയ സംഭവം കുത്തിപ്പൊക്കുന്നത് മറ്റുപല വിവാദങ്ങള്‍ക്കും സൃഷ്ടിക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചു.
ജാതി വിവേചന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജവും രംഗത്തുവന്നിരുന്നു. ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. മാസങ്ങള്‍ക്ക് ശേഷമുള്ള വിവാദത്തില്‍ ദുഷ്ടലാക്ക് സംശയിക്കുന്നുവെന്ന് തന്ത്രി സമാജം വാര്‍ത്താകുറിപ്പില്‍ പറയുന്നു.