കണ്ണൂര്‍: തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം ഒറ്റരാത്രികൊണ്ട് തകര്‍ന്നുപോയ പന്ത്രണ്ടുകാരിയുടെ ദീനരോദനമാണിത്.കണ്ണൂരില്‍ കൊലചെയ്യപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ കൂടി ഇപ്പോള്‍ പ്രചരിക്കുന്നത്. ഹിന്ദിയില്‍ എഴുതിയ പ്ലക്കാര്‍ഡിലൂടെ അക്രമരാഷ്ട്രീയത്തിന് എതിരെ ശബ്ദമുയര്‍ത്തുകയാണ് ഈ പെണ്‍കുട്ടി.
തന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങളാണ് അച്ഛന്റെ മരണത്തോടെ ഇരുട്ടിലായതെന്ന് വിസ്മയ പറയുന്നു. ആര്‍എസ്എസിനെയും ബിജെപിയെയും പിന്തുണച്ചു എന്ന ഒറ്റക്കാരണത്താല്‍ അച്ഛനെ അവര്‍ കൊന്നു. ഒരു രാത്രികൊണ്ട് ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും ഇല്ലാതായി. ഞങ്ങളുടെ ഭാവി ഇരുട്ടിലാണ്. എന്തിനാണ് അവര്‍ അച്ഛനെ കൊന്നതെന്നും ഞങ്ങളുടെ ചോരയും കണ്ണീരും അവര്‍ക്ക് സന്തോഷം തരുന്നുണ്ടോ എന്നും ചോദിച്ചുകൊണ്ടാണ് വിസ്മയയുടെ വീഡിയോ അവസാനിക്കുന്നത്.
വീഡിയോയിലൂടെ വിസ്മയ പറഞ്ഞ കാര്യങ്ങള്‍
എന്റെ പേര് വിസ്മയ. പ്രായം 12 വയസ്. കണ്ണൂര്‍ സ്വദേശിയാണ്. കടമ്പൂര്‍ എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
എന്റെ ഗ്രാമത്തിലെ പാവപ്പെട്ടവരെ സേവിക്കാന്‍ ഐ.പി.എസ്. ഓഫീസറാകണമെന്നാണ് എന്റെ ആഗ്രഹം. എന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ അച്ഛന്‍ വളരെയധികം ശ്രമിച്ചിരുന്നു. എന്നാല്‍ ഒറ്റ രാത്രികൊണ്ട് എല്ലാ സ്വപ്നങ്ങളും ഒലിച്ചുപോയി.
ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും പിന്തുണച്ചു എന്ന ഒരേയൊരു തെറ്റുമാത്രമാണ് എന്റെ അച്ഛന്‍ ചെയ്തത്. ഇന്ന് എന്റെ ഭാവി ഇരുട്ടിലാണ്. എന്റെ അച്ഛനെ മാത്രമല്ല, ഒരു കുടുംബത്തെ മുഴുവനാണ് അവര്‍ കൊന്നത്; സ്വപ്നങ്ങളും ഭാവിയുമാണ്; വൃദ്ധയായ മുത്തശ്ശിയെയാണ്; ഞങ്ങളുടെ ഭക്ഷവും വെള്ളവുമാണ്…
എന്തിനാണ് അവര്‍ എന്റെ അച്ഛനെ കൊന്നതെന്ന ചോദ്യത്തിന് ഇതുവരെ എനിക്ക് ഉത്തരം ലഭിച്ചിട്ടില്ല. ഞങ്ങളുടെ ചോരയും കണ്ണീരും അവര്‍ക്ക് സന്തോഷം തരുന്നുണ്ടോ?