തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതെന്തിനെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നും, സംസ്ഥാനത്തിന്റെ ആകെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന പ്രശ്‌നമാണിതെന്നും സതീശന്‍ പറഞ്ഞു.
കിഫ്ബിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായാണ് സിഎജിയുടെ പ്രത്യേക ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഫണ്ട് വിനിയോഗത്തിലും ജീവനക്കാരുടെ നിയമനത്തിലും കിഫ്ബി ഗുരുതര വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഫണ്ട് വിനിയോഗം, കിഫ്ബി വിഷയങ്ങളില്‍ സര്‍ക്കാരിനെ വെട്ടിലാക്കിയ മുന്‍ എ.ജി എസ്. സുനില്‍രാജ് മുന്‍കൈയെടുത്താണ് പ്രത്യേക ഓഡിറ്റ് നടത്തിയത്.