സിദ്ധാര്‍ദ്ധന്റെ മാതാപിതാക്കളെ എന്ത് കൊണ്ട് മുഖ്യമന്ത്രി കാണുന്നില്ല?; കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ഇതുവരെ കണ്ടിട്ടില്ലാത്ത അരാജകത്വത്തിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്നും ഹോസ്റ്റലുകളും കോളജുകളും നീചമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിദ്ധാര്‍ത്ഥന്റെ കൊലപാതകം ആസൂത്രിതമാണ്, യാദൃശ്ചികമായി ഉണ്ടായ ആള്‍ക്കൂട്ട ആക്രമണം അല്ല. കല്‍പ്പറ്റ മുന്‍ എം എല്‍ എയെ പ്രതികളെ രക്ഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ചു. ഇതിലൊന്നും മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്ത് കൊണ്ട്?. സിദ്ധാര്‍ദ്ധിന്റെ മാതാപിതാക്കളെ എന്ത് കൊണ്ട് മുഖ്യമന്ത്രി കാണുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

പിണറായി വിജയന് മനസാക്ഷി ഇല്ലേ. ഉന്നത വിദ്യാഭ്യാസ മേഖലയെ ഇത് പോലെ തകര്‍ത്ത കാലം മുമ്പെങ്ങും ഉണ്ടായിട്ടില്ല. പിണറായി വിജയന് നീചമായ മനസാണ്. എസ് എഫ് ഐ മനുഷ്യത്വരഹിതമായ നടപടി ഇപ്പോഴും തുടരുകയാണ്. സിദ്ധാര്‍ത്ഥിന്റെത് കൊലപാതകമെന്ന് ഡീന്‍ അറിയാമായിരുന്നു. എന്നിട്ടും ആത്മഹത്യയാക്കി മാറ്റാന്‍ ബോധപൂര്‍വ ശ്രമം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കോളജ് അധികൃതര്‍, എസ് എഫ് ഐ നേതാക്കള്‍ തുടങ്ങിയവരെ പ്രതി ചേര്‍ക്കണം. പൊലീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥയുടെ മകളെ കൊണ്ടാണ് പരാതി നല്‍കിച്ചത്. വെല്‍ പ്ലാന്‍ഡ് മര്‍ഡര്‍ ആണിത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കൊലപാതകക്കുറ്റം ചേര്‍ത്തിട്ടില്ല. പാര്‍ട്ടി പരസ്യമായി ഇടപെടുക കൂടി ചെയ്തു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് അടിസ്ഥാനമില്ല. എല്ലാ മണ്ഡലങ്ങളിലും പരിശോധന നടത്തിയ ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എന്തെങ്കിലും വിളിച്ച് പറയുന്നവന്‍ കര്‍ശനമായ അച്ചടക്കനടപടി നേരിടേണ്ടി വരും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വം മിതത്വം പാലിക്കണം. അനില്‍ ആന്റണി മികച്ച സ്ഥാനാത്ഥിയാണ്. കേരളത്തില്‍ അനില്‍ ആന്റണിയെ എല്ലാവര്‍ക്കും അറിയാം. പത്തനംതിട്ടയില്‍ അദ്ദേഹം ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Top