2020 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പല വിഷയങ്ങളും പ്രചരണ ആയുധങ്ങളായി ഉയര്‍ന്നിരുന്നു. വികസന വിഷയങ്ങള്‍ മുതല്‍ ഷഹീന്‍ ബാഗ് വരെ പ്രചരണങ്ങളില്‍ ഉയര്‍ന്ന് കേട്ടപ്പോഴും വ്യത്യസ്തമായ ഒരു വിഷയം കടന്നുവന്നു. ഹനുമാന്‍ ഭക്തനായ അരവിന്ദ് കെജ്രിവാളിന്റെ രംഗപ്രവേശമാണ് ആ വ്യത്യസ്തമായ സംഭവം. ഡല്‍ഹിയില്‍ വിജയപ്രസംഗത്തിലും ഹനുമാന്റെ അനുഗ്രഹത്തിനാണ് അദ്ദേഹം നന്ദി പറഞ്ഞത്.
ഇന്ത്യയില്‍ പുതിയ തരം രാഷ്ട്രീയത്തിന്റെ ഉദയമാണ് ഉയര്‍ന്നതെന്ന് കെജ്രിവാള്‍ പ്രഖ്യാപിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ജോലി നോക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുക. ഈ സന്ദേശം ഈ രാജ്യത്തിനുള്ളതാണ്, നിയുക്ത മുഖ്യമന്ത്രി വ്യക്തമാക്കി. പരസ്പരം പോരുവിളിച്ച് മുന്നേറിയ ശബ്ദമുഖരിതമായ പ്രചരണത്തിന് പര്യവസാനം കുറിച്ചാണ് ഈ ആശ്വാസവചനം പുറത്തുവന്നത്.
ദേശീയതയും, കടുത്ത ഹിന്ദുത്വവും ഉയര്‍ത്തിപ്പിടിച്ച ബിജെപിക്ക് എതിരെ ഹനുമാന്‍ ഭക്തനായി അവതരിച്ചാണ് അരവിന്ദ് കെജ്രിവാള്‍ മറുപ്രയോഗം നടത്തിയത്. ജയ്ഹിന്ദും, വന്ദേമാതരവും ഉപയോഗിക്കാന്‍ മടിക്കാതിരുന്ന കെജ്രിവാള്‍ സിഎഎ, എന്‍ആര്‍സി, ഷഹീന്‍ ബാഗ് തുടങ്ങിയ വിഷയങ്ങളില്‍ തന്ത്രപരമായ നിലപാടും സ്വീകരിച്ചു. വികസനത്തില്‍ മുറുകെപിടിക്കാനും അദ്ദേഹം മറന്നതുമില്ല.
ഹനുമാന്‍ ഭക്തനെന്ന ബ്രാന്‍ഡിംഗ് അവസാനഘട്ടത്തില്‍ പുറത്തെടുത്ത് ബിജെപിയിലേക്ക് ധ്രുവീകരണ വോട്ടുകള്‍ മറിയുന്നത് തടയുന്നതില്‍ കെജ്രിവാള്‍ വിജയിച്ചു. വിജയപ്രസംഗത്തിലും, ക്ഷേത്രദര്‍ശനത്തിലും അദ്ദേഹം ഹനുമാന്‍ ഭക്തി ചൂണ്ടിക്കാണിച്ചു. ഇത് സന്തോഷിപ്പിച്ചത് ആര്‍എസ്എസിനെയാണ്. തങ്ങള്‍ ഹിന്ദുക്കളാണെന്ന് തുറന്നുപറയാന്‍ രാഷ്ട്രീയക്കാര്‍ തയ്യാറാകുന്ന നിലപാട് വളര്‍ത്താന്‍ ഏറെ നാളായി ആര്‍എസ്എസ് ശ്രമിക്കുന്നു.
‘ഹിന്ദു സമൂഹമെന്നാല്‍ ബിജെപി എന്ന് അര്‍ത്ഥമില്ല. ബിജെപിയെ എതിര്‍ത്താല്‍ ഹിന്ദുക്കളെ എതിര്‍ക്കലുമല്ല. രാഷ്ട്രീയ പോരാട്ടം തുടരും അതിന് ഹിന്ദുക്കളുമായി ബന്ധമില്ല’, ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി അടുത്തിടെ പ്രസ്താവിച്ചു. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധി കൈലാസ മാനസസരോവര യാത്രക്ക് പോകുമ്പോഴും, ശശി തരൂര്‍ താന്‍ ഹിന്ദുവെന്നതില്‍ അഭിമാനിക്കുന്നുവെന്നും കുറിയ്ക്കുമ്പോള്‍ ആര്‍എസ്എസ് നിലാപാടുകളാണ് വിജയിക്കുന്നത്. ഹിന്ദുവാണെന്ന് പറയാന്‍ രാഷ്ട്രീയക്കാര്‍ നാണിക്കാത്ത അന്തരീക്ഷം അറിയാതെ സൃഷ്ടിക്കപ്പെടുകയുമാണ്.