തിരുവനന്തപുരം : ജേക്കബ് തോമസ്, ഋഷിരാജ് സിംഗ്, ലോക്‌നാഥ് ബഹ്‌റ… ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ നട്ടെല്ല് നിവര്‍ത്തി നിന്നതിന് സര്‍ക്കാരിന്റെ അപമാനം ഏറ്റുവാങ്ങിയ ഐ.പി.എസ് ഉദ്യോഗസ്ഥര്‍…
ഇപ്പോള്‍ ഈ പട്ടികയിലേക്ക് ഒരു ഐ.എ.എസുകാരികൂടി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ. മുന്‍ ക്രൈംബ്രാഞ്ച് മേധാവി നെറ്റോ ഡസ്മണ്ടിന്റെ സഹധര്‍മ്മിണി. ആര്‍ക്ക് മുന്നിലും മുട്ടുമടക്കാത്ത ഉദ്യോഗസ്ഥ കുടുംബം.
ബാര്‍കോഴ കേസില്‍ മന്ത്രി മാണി പ്രതിയായതിനെ തുടര്‍ന്ന് വിജിലന്‍സില്‍ നിന്ന് തെറിച്ച് ഫയര്‍ഫോഴ്‌സിലെത്തുകയും അവിടെ ഫയര്‍ സേഫ്റ്റി നിയമം നടപ്പാക്കിയതിന് പുറത്താക്കപ്പെടുകയും ചെയ്ത ഡി.ജി.പി ജേക്കബ് തോമസാണ് സര്‍ക്കാരിന്റെ കണ്ണിലെ ആദ്യത്തെ കരട്.
നിയമം നടപ്പാക്കുന്ന കാര്യത്തില്‍ ആരുടെ മുന്നിലും മീശപിരിച്ചു നില്‍ക്കുന്ന ഋഷിരാജ് സിംഗും നടന്‍ സുരേഷ്‌ഗോപിക്ക് പോലീസ് വേഷങ്ങളില്‍ തിളങ്ങാന്‍ പ്രചോദനമായ ലോക്‌നാഥ് ബഹ്‌റയും തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറാവാത്തതിനാല്‍ മാത്രം സര്‍ക്കാരിന്റെ ‘ഹിറ്റ് ലിസ്റ്റില്‍’ ഇടം പിടിച്ച മുതിര്‍ന്ന ഐ.പി.എസുകാരാണ്.
ഈ മൂന്ന് ഡി.ജി.പി മാരെ മറികടന്ന് ഡി.ജി.പി കേഡര്‍ തസ്തികയായ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് എ.ഡി.ജി.പി യെ പ്രതിഷ്ഠിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതും ചങ്കുറപ്പുള്ള ഇവരുടെ നിലപാടുകളെ ഭയന്നാണ്. പ്രത്യേകിച്ച് ബാര്‍കോഴ കേസിലെ തുടരന്വേഷണം, പാറ്റൂര്‍ ഭൂമി തുടങ്ങിയ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന അന്വേഷണങ്ങള്‍ പരിഗണനയിലുള്ള സാഹചര്യത്തില്‍.
കര്‍ക്കശമായ നിലപാടുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത വ്യക്തിയാണ് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ.
ഏതെങ്കിലും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരുടെ മുന്നിലും തലകുനിച്ച് നിന്ന ഒരു പാരമ്പര്യം അവര്‍ക്കുമില്ല, അവരുടെ ഭര്‍ത്താവായ മുന്‍ ഐ.പി.എസ് ഓഫീസര്‍ ഡസ്മണ്ട് നെറ്റോക്കുമില്ലെന്ന് അടുത്തറിയാവുന്നവര്‍ക്ക് വ്യക്തമായറിയാം.
ഇതുതന്നെയാണ് സര്‍ക്കാരിനെയും ഭയപ്പെടുത്തുന്നത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ നയിക്കേണ്ട ചീഫ് സെക്രട്ടറി സ്ഥാനത്ത് നളിനി നെറ്റോ വന്നാല്‍ നിയമവും ചട്ടവും ലംഘിച്ച ഒരു കാര്യത്തിനും അവരെ കിട്ടില്ലെന്നതാണ് സര്‍ക്കാരിനെ ഉറക്കം കെടുത്തുന്നത്.
നിലവില്‍ സംസ്ഥാനത്തെ മുതിര്‍ന്ന മൂന്ന് ഡി.ജി.പി മാരും മിക്ക ഐ.പി.എസുകാരും ഉടക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി നിയമനം ‘പാളിയാല്‍’ കുരുങ്ങുമെന്നതാണ് സര്‍ക്കാരിന്റെ ഭയം. അതുകൊണ്ട് തന്നെയാണ് ചീഫ് സെക്രട്ടറിക്ക് കാലാവധി കഴിഞ്ഞാലും സര്‍വ്വിസ് നീട്ടിക്കൊടുക്കാന്‍ ആലോചിക്കുന്നത്.ഇതിനെതിരെ ഉദ്യോഗസ്ഥ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ നിലവില്‍ ഡപ്യൂട്ടേഷനിലുള്ള മുതിര്‍ന്ന ഐഎഎസുകാരനെ കൊണ്ടുവന്ന് നളിനി നെറ്റോയുടെ വഴിമുടക്കാനാണ് നീക്കം.