ഒസാമയെ തീര്‍ത്തത് പോലെ ‘സിംപിളല്ല’ സൊലേമാനിയുടെ കാര്യം; കുഴഞ്ഞുമറിയും?

ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു വ്യക്തിക്ക് എതിരായുള്ള അമേരിക്കയുടെ നടപടി. ഇങ്ങനെയാണ് ഇറാന്റെ കുദ്‌സ് സേനാ കമ്മാന്‍ഡര്‍ കാസെം സൊലേമാനിയെ വധിച്ച നടപടിയെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആഗോള ഭീകരന്‍മാരായ ഒസാമ ബിന്‍ ലാദന്‍, അബുബക്കര്‍ അല്‍ ബാഗ്ദാദി എന്നിവരെ വധിച്ചത് പോലെ അത്ര എളുപ്പത്തില്‍ കടന്നുപോകാത്ത അന്താരാഷ്ട്ര തലത്തില്‍ നിരവധി പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുള്ള നടപടിയായാണ് ഇതിനെ കാണുന്നത്.

യുഎസിനെയും, ഇറാനെയും മറ്റൊരു യുദ്ധത്തിലേക്ക് അടുപ്പിക്കുന്നതാണ് സൊലേമാനിയുടെ വധമെന്ന് ഒരു പ്രമുഖ അമേരിക്കന്‍ മാസിക ചൂണ്ടിക്കാണിക്കുന്നു. അക്രമങ്ങളില്‍ മുങ്ങിയ പ്രദേശത്തെ വീണ്ടും ഇളക്കിമറിക്കുന്നതാകും ഈ അവസ്ഥ. ഇറാന്റെ ആണവായുധ പദ്ധതികളില്‍ ഇനിയൊരു ചര്‍ച്ചയ്ക്കുള്ള സാധ്യത കൂടിയാണ് ഇതോടെ അടയുന്നത്.

ലാദനും, ബാഗ്ദാദിയ്ക്കും വിരുദ്ധമായി ഒരു രാജ്യത്തിന്റെ സൈനിക മേധാവിയായിരുന്നു സൊലേമാനി. കൂടാതെ അദ്ദേഹം എവിടെയെങ്കിലും ഒളിച്ചിരിക്കുകയായിരുന്നില്ല. ‘തീവ്രവാദിയെന്ന് കരുതുന്ന ഒരാളെ കൊലപ്പെടുത്തുന്നത് ഒരു വശത്ത് നില്‍ക്കുന്ന കാര്യമാണ്. എന്നാല്‍ യുഎസ് മാത്രം തീവ്രവാദി എന്ന് മുദ്രകുത്തിയ വ്യക്തിയെ വധിക്കുന്നത് മറ്റൊരു വിഷയമാണ്’, അറ്റ്‌ലാന്റിക് കൗണ്‍സില്‍ ഇറാഖ് ഇനീഷ്യേറ്റീവ് ഡയറക്ടര്‍ അബ്ബാസ് കാദിം മാഗസിനോട് പറഞ്ഞു.

ഒരു രാജ്യത്തിന് എതിരായ നടപടിയായി സ്ഥാനത്തിരിക്കുന്ന സൈനിക ഉദ്യോഗസ്ഥനെ വധിക്കുക വഴി യുഎസ് നടപടി മാറുമെന്നാണ് മറ്റൊരു യുഎസ് ബുദ്ധികേന്ദ്രം വിലയിരുത്തുന്നത്. അതേസമയം ഇരാന്‍ ഏത് തരത്തിലാണ് പ്രതികരിക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അമേരിക്കന്‍ സഖ്യകക്ഷികളായ സൗദി അറേബ്യ, യുഎഇ എന്നിവരെ ഇറാന്‍ ലക്ഷ്യം വെയ്ക്കുമെന്ന ആശങ്കയ്‌ക്കൊപ്പം യുഎസ് ഏത് തരത്തില്‍ പ്രതികരിക്കുമെന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന വിഷയമാണ്.

Top