തീവ്രവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍.

പാക്ക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക നിരന്തരം പാകിസ്താന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഭീകരര്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളമൊരുക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയോടെ അമേരിക്ക-പാക്ക് ബന്ധത്തില്‍ വിള്ളല്‍ വന്നിട്ടുണ്ടെന്നും യുഎസ് സെക്രട്ടറി വ്യക്തമാക്കി.

മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള രാജ്യമെന്ന നിലയ്ക്ക് അമേരിക്ക-അഫ്ഗാന്‍ ബന്ധത്തിലും ഇന്ത്യയ്ക്കാണ് നിര്‍ണായക ചുമതല വഹിക്കാനാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ടില്ലേര്‍സണ്‍ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തി.

ഒരു രാജ്യവും ഭീകരര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കരുതെന്ന നിലപാടാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആവര്‍ത്തിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുഷമാ സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിസംബറില്‍ ഇന്ത്യ-അമേരിക്ക-അഫ്ഗാനിസ്ഥാന്‍ സംയുക്ത ചര്‍ച്ച നടത്തുമെന്നും സുഷമ അറിയിച്ചു.

ഭീകരവാദത്തിനെതിരെയുള്ള നടപടികള്‍ പാകിസ്താന്‍ ശക്തമാക്കിയാല്‍ മാത്രമേ ട്രംപിന്റെ തീവ്രവാദ വിരുദ്ധ നിലപാടുകള്‍ ഫലപ്രദമാവുകയുള്ളൂ.

ഒരു രാജ്യവും ഭീകരര്‍ക്കുള്ള സുരക്ഷിത താവളമാവരുത്, ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്താന്‍ തയ്യാറായില്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തണമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

Top