‘ഇന്ത്യ’ മാറ്റി ‘ഭാരത്’ എന്നാക്കാന്‍ എന്തുകൊണ്ടാണ് ഇത്ര ധൃതി; സര്‍ക്കുലറിനെതിരെ മമത ബാനര്‍ജി

കൊല്‍ക്കത്ത: പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’ മാറ്റി ‘ഭാരത്’ ആക്കാനുള്ള എന്‍ സി ഇ ആര്‍ ടി സര്‍ക്കുലറിനെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ഇത്ര ധൃതി പിടിച്ച് പാഠപുസ്തകങ്ങളില്‍ ഭാരത് ആക്കുന്നത് എന്തിനാണെന്നാണ് മമതയുടെ ചോദ്യം. പെട്ടെന്ന് അവര്‍ ഇന്ത്യ എന്ന വാക്കിന് പകരം സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കുന്നു, പാഠപുസ്തകങ്ങളില്‍ ‘ഭാരത്’ എന്നാക്കണം എന്നുപറയുന്നു, എന്തുകൊണ്ടാണ് ഇത്ര ധൃതി പിടിച്ച് ഇങ്ങനെ ചെയ്യുന്നത് എന്നാണ് ബംഗാള്‍ മുഖ്യമന്ത്രി ചോദിച്ചത്.

അതേസമയം കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളും എന്‍ സി ഇ ആര്‍ ടി സര്‍ക്കുലറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങളില്‍ ഇന്ത്യ മാറ്റി ഭാരത് ആക്കാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. എന്‍ സി ഇ ആര്‍ ടി സര്‍ക്കുലര്‍ തള്ളിക്കളയുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വിവരിച്ചു. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്നതിന് പകരം ഭാരതം എന്നാക്കണമെന്ന നീക്കത്തില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി. പേരുമാറ്റം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. ഇപ്പോള്‍ മുന്നിലുള്ളത് സമിതിയുടെ ശുപാര്‍ശമാത്രമാണ്. അതിനാല്‍ ഈ ഒരു ഘട്ടത്തില്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുന്നത് ഉചിതമല്ലെന്ന് എന്‍സിഇആര്‍ടിയുടെ വിശദീകരണം.

Top