കൊറോണയെ പിടിച്ചുകെട്ടാന്‍ ഒരേയൊരു വഴി; സ്വയം വെളിപ്പെടുത്തുക; ആരോഗ്യമന്ത്രി

harshavardan

രോഗ്യം കുറവുള്ളവരാണ് മാസ്‌കുകള്‍ ധരിക്കേണ്ടതെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍. രാജ്യത്ത് കൊറോണാവൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ഡോ. ഹര്‍ഷവര്‍ദ്ധന്‍.

‘ഞാന്‍ ഇത് മുന്‍പും പറഞ്ഞതാണ്. ആരോഗ്യമുള്ള വ്യക്തികള്‍ക്ക് മാസ്‌കിന്റെ ആവശ്യമില്ല. ആരോഗ്യമില്ലാത്തവരാണ് ഇത് ഉപയോഗിക്കേണ്ടത്, ഇതുവഴി രോഗംമറ്റുള്ളവരിലേക്ക് പകരുന്നത് ഒഴിവാക്കാനാണിത്’, വര്‍ദ്ധന്‍ വ്യക്തമാക്കി. കൊവിഡ് 19 പടരുന്നത് തടയാന്‍ സുപ്രധാനമായ മാര്‍ഗ്ഗം യാത്രാചരിത്രം കൃത്യമായി സ്വയം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

‘സ്വയം വ്യക്തമാക്കുന്നത് എല്ലാവരുടെയും നന്മയ്ക്കാണ്. ഫോമുകള്‍ പൂരിപ്പിക്കാന്‍ ആളുകള്‍ തയ്യാറായാല്‍ എല്ലാവര്‍ക്കും ഗുണം ചെയ്യും’, ആരോഗ്യമന്ത്രി പറഞ്ഞു. ജനുവരി 18 മുതല്‍ ഏഴ് എയര്‍പോര്‍ട്ടുകളില്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് ആരംഭിച്ചു. ഇപ്പോള്‍ 30 എയര്‍പോര്‍ട്ടുകളിലേക്ക് സ്‌ക്രീനിംഗ് വ്യാപിപ്പിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയമാക്കുന്നുണ്ട്. ഇതുവരെ 8,74,708 യാത്രക്കാരെയാണ് സ്‌ക്രീനിംഗ് ചെയ്തത്’, അദ്ദേഹം വിശദീകരിച്ചു.

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി എല്ലാ ഹെല്‍ത്ത് സെക്രട്ടറിമാരും സംസാരിച്ചു. പ്രധാനമന്ത്രി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്, ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി. ഹര്‍ഷവര്‍ദ്ധന്റെ അധ്യക്ഷതയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഉന്നതതല യോഗം ചേര്‍ന്നു.

സര്‍ക്കാരിലെ വിവിധ വകുപ്പുകളും, ഏജന്‍സികളും സംയോജിതമായ പ്രവര്‍ത്തനം നടത്തണമെന്ന് മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. രോഗി നടത്തിയ സമ്പര്‍ക്കങ്ങളും, ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാനും, സുരക്ഷാ ഉപകരണങ്ങളും മാസ്‌കും എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഏകോപനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Top